തീയറ്റര്‍ സമരം പിന്‍വലിച്ചു

01.25 AM 01-05-2016
Abhineet-Cinema
കൊച്ചി: സംസ്ഥാനത്തെ എ ക്ലാസ് തീയറ്റര്‍ ഉടമകള്‍ മെയ് രണ്ട് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. മെയ് രണ്ടിനകം സംസ്ഥാനത്തെ മുഴുവന്‍ തീയറ്ററുകളിലും ഇടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്മേല്‍ രണ്ട് മാസത്തെ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിയമത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ടിക്കറ്റിങ് മെഷീന്‍ സ്ഥാപിക്കാത്ത തീയറ്ററുകള്‍ക്ക് മെയ് രണ്ട് മുതല്‍ ടിക്കറ്റുകള്‍ സീല്‍ ചെയ്തു നല്‍കില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ജൂലൈ ഒന്ന് വരെ നടപ്പാക്കില്ല. ടിക്കറ്റിങ് മെഷീന്‍ ഏര്‍പ്പെടുത്തുന്നത് രണ്ട് മാസത്തേക്ക് നീട്ടിവച്ച സര്‍ക്കാര്‍ നടപടിയെ ഫെഡറേഷന്‍ സ്വാഗതം ചെയ്തു. മന്ത്രി മുനീറിനെക്കുറിച്ച് നടത്തിയ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളില്‍ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഖേദിക്കുന്നതായും പ്രസ്താവനകള്‍ പിന്‍വലിക്കുന്നതായും ലിബര്‍ട്ടി ബഷീര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.