09:50am 22/6/2016
ബാള്‍ട്ടിമോര്‍: അമേരിക്കയിലെ ക്രിസ്ത്യന്‍ സഭകളുടെ നേതൃസംഘടനയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും, ഇസ്ലാമിക സംഘടനകളുടെ കൂട്ടായ്മയായ ഇസ്ലാമിക് കൗണ്‍സില്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.സി.എന്‍.എ)യും തമ്മിലുള്ള ചര്‍ച്ചകള്‍ ബാള്‍ട്ടിമോര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ മെയ് 26,27 തീയതികളില്‍ നടന്നു,
അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്റെ പശ്ചാത്തലത്തില്‍ അതീവ പ്രധാന്യമുള്ളതായിരുന്നു ഈ വര്‍ഷത്തെ ചര്‍ച്ചകള്‍. ഇസ്ലാം മതത്തെ മുഴുവനായി തീവ്രവാദവുമായി കൂട്ടിച്ചേര്‍ക്കുന്ന പ്രവണതയെ എങ്ങനെ നേരിടാം എന്നുള്ളതായിരുന്നു മുഖ്യ ചിന്താവിഷയം. അമേരിക്കന്‍ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക മുഖ്യധാരയില്‍ ഇസ്ലാമിക സംഘടനകള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നു യോഗം വിലയിരുത്തി.
നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനെ പ്രതിനിധീകരിച്ച് മലയാളിയും സുറിയാനി സഭാംഗവുമായ ഫാ. ജോസഫ് വര്‍ഗീസ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. “Islamazation is not about Islam’ എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. വര്‍ഗീസ് പ്രബന്ധം അവതരിപ്പിച്ചു. ഈ രാജ്യത്തെ ന്യൂനപക്ഷ സമൂഹം നേരിട്ട അവഗണനയും പീഡനവും ഒരു മതത്തെ മാത്രമല്ല, എല്ലാ ന്യൂനപക്ഷങ്ങളും അതിനു സാക്ഷ്യംവഹിച്ചിട്ടുണ്ടെന്നു ഫാ. വര്‍ഗീസ് പറഞ്ഞു. ഓസ്റ്റിന്‍ പ്രസ്ബിറ്റേറിയന്‍ പ്രൊഫസര്‍ ഡോ. ബ്രാഡ്മാന്‍, യഹൂദ വംശജരും മോര്‍മന്‍സും അനുഭവിച്ച പീഡനങ്ങളേയും തിരസ്കരണത്തേയും കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍ ഇന്നത്തെ സമൂഹത്തിലെ ധ്രുവീകരണം അരാജകത്വവും അസമാധാനവും സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി.
ഇസ്ലാമിക സംഘടനകളെ പ്രതിനിധീകരിച്ച് ഐ.സി.എന്‍.എ പ്രസിഡന്റ് നസീം ബെവിസ്, ഡോ. മുഹമ്മദ് ബക്‌റി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മത സംഘടനകളുടേയും വ്യക്തികളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത ദേശീയ തലത്തില്‍ മാത്രമല്ല, പ്രാദേശികതലത്തിലും ആവശ്യമാണെന്ന് അവര്‍ വിലയിരുത്തി.
നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും, ഇസ്ലാമിക സംഘടനകളും കൂട്ടായി സമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക തലത്തില്‍ നടത്തുവാനും യോഗം തീരുമാനിച്ചു.