06:38pm 31/5/2016
കൊച്ചി: തുടങ്ങിവെച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് എറണാകുളം എംഎല്‍എ ഹൈബി ഈഡന്. കേരളത്തിന്റെ തന്നെ സ്വപ്നപദ്ധതികളാണ് കൊച്ചി മെട്രൊയും വല്ലാര്‍പാടം എല്‍എന്‍ജി ടെര്‍മിനലും. കഴിഞ്ഞ തവണ എംഎല്‍എ ആയിരുന്നപ്പോള്‍ ഇതിന്റെയൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഇതിനായി സര്‍ക്കാര്‍ സഹായമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്കി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച കൊച്ചിയെ സ്ത്രീ സൊഹൃദ നഗരമാക്കി മാറ്റും. കോര്‍പ്പറേഷന്റെ സഹകരണത്തോടെ പ്രധാനകേന്ദ്രങ്ങളില്‍ സിസി ടിവി ക്യാമറ ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കും. താന്തോന്നിത്തുരുത്ത്, കോറങ്കോട്ട ദ്വീപ് എന്നിവിടങ്ങളില്‍ ഗതാഗത സൗകര്യം ഒരുക്കാന്‍ മുന്‍ഗണന നല്‍കും. ഇവിടങ്ങളിലേക്കുള്ള പാലം നിര്‍മ്മിക്കാന്‍ വീണ്ടും ശ്രമം നടത്തുമെന്നും വ്യക്തമാക്കി. മഴപെയ്താല്‍ റോഡ് തോടാകാന്‍ പ്രധാനകാരണം അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ്. ഉയരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതാണ് റോഡുകള്‍ വേഗത്തില്‍ പൊട്ടിപ്പൊളിയാന്‍ കാരണം. പണ്ടു കാലത്ത് നിലവിലുള്ള റോഡുകള്‍ പൂര്‍ണമായും പൊളിച്ചതിനു ശേഷമാണ് പുതിയത് പണിയുന്നത് എന്നാല്‍ ഇന്ന് നിലവിലുള്ള റോഡിനു മുകളിലൂടെയാണ് പുതിയ റോഡുകള്‍ നിര്‍മിക്കുന്നത്. ഇതുവഴി റോഡുകളുടെ ഉയരം കൂടും. മഴ പെയ്യുമ്പോള്‍ വെള്ളം റോഡിന്റെ ഇരുവശങ്ങളിലേക്കും ഒഴുകും അതുവഴി വെള്ളക്കെട്ട് രൂപപ്പെടുമെന്നും ഹൈബി ചൂണ്ടിക്കാട്ടി. മെട്രൊ നിര്‍മ്മാണത്തെ തുടര്‍ന്ന് മഴക്കാലപൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും പൂര്‍ത്തിയായിട്ടില്ലെന്നും കുറ്റപ്പെടുത്തി.