തുര്‍ക്കിയില്‍ കുര്‍ദ് അനുകൂല പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുള്‍പ്പെടെ 11 എം.പിമാര്‍ അറസ്റ്റില്‍.

07:34 am 5/11/2016

images
അങ്കാറ: തുര്‍ക്കിയില്‍ കുര്‍ദ് അനുകൂല പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുള്‍പ്പെടെ 11 എം.പിമാര്‍ അറസ്റ്റില്‍. തീവ്രവാദ ബന്ധമാരോപിച്ചാണ് പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളായ സലാഹുദ്ദീന്‍ ദിമിര്‍താഷിനെയും ഫൈജന്‍ യൂക് സെക്ദാഗിനെയും അറസ്റ്റ് ചെയ്തത്. രാജ്യത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണിത്.

ദിയാര്‍ബകിറിലെ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തതായി അനദൊലു പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇരുവര്‍ക്കുമെതിരെ മാസങ്ങളായി അന്വേഷണം നടന്നുവരികയായിരുന്നു. ‘കുര്‍ദിഷ് ഒബാമ’ എന്നാണ് ദിമിര്‍താഷ് അറിയപ്പെടുന്നത്.

തുര്‍ക്കിയിലെ വംശീയ ന്യൂനപക്ഷ വിഭാഗമായ കുര്‍ദുകള്‍ സ്വയംഭരണമാവശ്യപ്പെട്ട് വര്‍ഷങ്ങളായി പോരാടുകയാണ്. പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി കുര്‍ദുകളെ കൂട്ടുപിടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു. ജൂലൈയിലെ സൈനിക അട്ടിമറിക്കു ശേഷം തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ദിയാര്‍ബകിറില്‍ സ്ഫോടനം; എട്ടു മരണം

തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ ദിയാര്‍ബകിറില്‍ പൊലീസ് ആസ്ഥാനത്തിനു നേരെ നടന്ന സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതിപക്ഷ നേതാക്കളുടെ വിചാരണക്കിടെയായിരുന്നു സംഭവം.

രണ്ട് പൊലീസുകാരും ആറ് സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടതെന്ന് പ്രധാനമന്ത്രി ബിന്‍അലി യില്‍യിദ്രിം അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം കുര്‍ദ് വിമതര്‍ ഏറ്റെടുത്തു. സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.