തുർക്കിയിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

11:28 AM 21/07/2016
images
ഇസ്താംബൂള്‍: തുര്‍ക്കിയില്‍ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പട്ടാള ഉദ്യോഗസ്ഥർക്കിടയിലെ വൈറസിനെ മുഴുവൻ തുടച്ച് വൃത്തിയാക്കുമെന്ന് ഉർദുഗാൻ അങ്കാറയിൽ പറഞ്ഞു. അട്ടിമറിശ്രമം നടത്തിയ ‘ഭീകരസംഘത്തെ’ അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉര്‍ദുഗാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെ തുടര്‍ന്ന് 5000 സൈനികരെ സേനയില്‍ നിന്ന് പുറത്താക്കി. ഒപ്പം നിരവധി ജഡ്ജിമാരേയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരേയും സസ്പെൻഡ് ചെയ്തു. രാജ്യത്തെ സ്വകാര്യ സ്കൂളുകളില്‍ ജോലി ചെയ്യുന്ന 21,000 ടീച്ചര്‍മാരേയും പുറത്താക്കി. 9000 പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായി.

അതേസമയം, രാജ്യത്ത് അധ്യാപകര്‍ തുടര്‍പഠനത്തിനായി വിദേശത്ത് പോകുന്നത് വിലക്കി. വിദേശത്ത് തങ്ങുന്നവരോട് ഉടന്‍ തിരികെയെത്താനും ഉന്നത വിദ്യാഭ്യാസ സമിതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ദേശീയ പത്രം അനദൊലു റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലെ സൈനിക അട്ടിമറിയുടെ ആസൂത്രകനെന്നു കരുതുന്ന ഫത്ഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് കരുതുന്ന സൈനിക-പൊലീസ് മേധാവികളെയും വിദ്യാഭ്യാസ വിദഗ്ധരെയും പിരിച്ചുവിട്ടിരുന്നു. അക്കാദമിക-ഭരണ രംഗത്തെ ഉന്നതര്‍ക്ക് യു.എസ് ആസ്ഥാനമായുള്ള ഗുലന്‍െറ സംഘടനയുമായി (ഫെറ്റോ) ബന്ധമുണ്ടോ എന്നതും സമിതി പരിശോധിച്ചുവരുകയാണ്. യു.എസിലെ പെന്‍സല്‍വേനിയയിലാണ് ഗുലന്‍ താമസിക്കുന്നത്.

ഉര്‍ദുഗാന്‍െറ ഹോട്ടല്‍ സൈന്യം ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കൊട്ടാരം സംരക്ഷിക്കാന്‍ ജനം നടുറോഡിലിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവര്‍ക്കുനേരെ സൈന്യം ടാങ്കര്‍ ഓടിച്ചുകയറ്റുന്നതും കാണാം. കഴിഞ്ഞ ദിവസമാണ് പ്രസിഡന്‍റിന്‍െറ ഓഫിസ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.