തൃശൂർ ജില്ലയിൽ ശനിയാഴ്​ച കോൺഗ്രസ് ഹർത്താൽ

04:29 PM 25/11/2016
image
തൃശൂർ: വടക്കാഞ്ചേരി പീഡനകേസിൽ സി.പി.എം കൗൺസിലർ പി. ജയന്തൻ ഉൾപ്പെടെയുള്ള പ്രതികളെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട്​ കലക്​ട്രേറ്റ്​ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ​പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താൽ. തൃശൂർ ഡി.സി.സിയാണ്​ ഹർത്താലിന്​ ആഹ്വാനം ചെയ്തത്​.

രാവില ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പത്രം, പാൽ, ബാങ്കിങ്ങ് സേവനങ്ങൾ, പി.എസ്.സി തുടങ്ങി അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും കടകളടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും ജനങ്ങൾ ഹർത്താലിനോട് സഹകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് പി.എ മാധവൻ അഭ്യർത്ഥിച്ചു.

കലക്​ട്രേറ്റ്​ മാർച്ചിനെതിരെയുണ്ടായ പൊലീസ്​ ലാത്തി ചാർജിൽ വടക്കാഞ്ചേരി എം.എല്‍എ അനില്‍ അക്കര ഉൾപ്പെടെയുള്ളവർക്ക്​ പരിക്കേറ്റിരുന്നു. സംഘർഷത്തിൽ ലാത്തിയടിയേറ്റ്​ അനില്‍ അക്കരയുടെ കൈ ഒടിഞ്ഞിട്ടുണ്ട്.

വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തിയത്.