തെരഞ്ഞെടുപ്പു പരസ്യപ്രചാരണം നാളെ അവസാനിക്കും.

10:06am 13/5/2016
466375-tmcbjp04.06.16

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പരസ്യപ്രചാരണം നാളെ അവസാനിക്കും. അവസാന മണിക്കൂറുകളിലേക്കു കടക്കുമ്പോള്‍ ആരാണു വിജയം നേടുകയെന്ന കണ്ണും നട്ടു ഇരിക്കുകയാണ് കേരളം. ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കൊട്ടിക്കലാശം അവിസ്മരണീയമാക്കാന്‍ ഒരുങ്ങുകയാണ് എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും. തെരുവീഥികള്‍ക്കു പുറമേ സാമൂഹിക മാധ്യമങ്ങളും പ്രധാന പ്രചാരണ ചുമരുകളായി മാറിയ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.
പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും കേരളത്തിലെ പ്രചാരണം പൂര്‍ത്തിയാക്കി തിരികെ മടങ്ങി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും റദ്ദാക്കുകയായിരുന്നു. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോഴിക്കോട്ടും പി.ബി. അംഗം ബൃന്ദ കാരാട്ട് തിരുവനന്തപുരത്തും ഇന്ന് അവസാനഘട്ട പ്രചരണത്തിനെത്തും. ബി.ജെ.പിയുടെ ചില കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് ഇന്നുണ്ടാകും. കേരള രാഷ്ട്രീയത്തിലെ സ്ഥിരം കാഴ്ചയായ എല്‍.ഡി.എഫ് യു.ഡി.എഫ് പോരിനു പകരം അങ്കത്തട്ടില്‍ എന്‍.ഡി.എയും ഇത്തവണ നിറഞ്ഞുനിന്നു.
തിങ്കളാഴ്ചയാണു വോട്ടെടുപ്പ്. വ്യാഴാഴ്ച വോട്ടെണ്ണും. ഉച്ചയോടുകൂടി കേരള ഭരണ സാരഥികളെ തിരിച്ചറിയാം. 140 മണ്ഡലങ്ങളിലായി 21,498 പോളിംഗ് ബൂത്തുകളും 64 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണുള്ളത്.