തെരഞ്ഞെടുപ്പു പോരാട്ടത്തിന് പാര്‍ട്ടിക്ക് പണമില്ലെന്ന് കെജ്രിവാള്‍

11:27 am 23/08/2016
download (1)
പനാജി: പഞ്ചാബിലും ഗോവയിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രചാരണത്തിന് ചെലവഴിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ കൈവശം പണമില്ളെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഒന്നര വര്‍ഷം സംസ്ഥാനത്തിന്‍െറ ഭരണം നടത്തുന്ന പാര്‍ട്ടിയാണെങ്കിലും ബാങ്ക് അക്കൗണ്ടുകള്‍ ശൂന്യമാണെന്ന് അദ്ദേഹം പനാജിയില്‍ പട്ടികജാതി-വര്‍ഗ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കവെ വ്യക്തമാക്കി. എന്നാല്‍, ഈ വെല്ലുവിളി അതിജീവിച്ച് പാര്‍ട്ടി രണ്ടു സംസ്ഥാനത്തും മുന്നേറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്തും ഇതുതന്നെയായിരുന്നു സ്ഥിതിയെന്ന് കെജ്രിവാള്‍ അനുസ്മരിച്ചു. എന്നാല്‍, പാര്‍ട്ടിയുടെ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്ത് പോരാട്ടത്തിനിറങ്ങിയതോടെയാണ് ഡല്‍ഹിയില്‍ വിജയിക്കാനായത്. ഗോവയിലും പഞ്ചാബിലും ഈ സ്ഥിതി ആവര്‍ത്തിക്കും. രാജ്യത്തിന്‍െറ നല്ലഭാവി സ്വപ്നം കാണുന്ന ഏതു വിഭാഗം ജനങ്ങളുടെയും പൊതുവേദിയാണ് ആം ആദ്മി പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.