തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന പദ്ധതിക്ക് ചെങ്ങമനാട് തുടക്കം

03:51 PM 19/09/2016
images (14)
അങ്കമാലി: ഇന്ത്യയിലെ തെരുവ് നായ വിമുക്ത മാതൃക പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ ചെങ്ങമനാട് ഗ്രാമ പഞ്ചായത്തില്‍ തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ നാല് മുതല്‍ ഒന്‍പത് വരെ വാര്‍ഡുകളില്‍ നിന്ന് രാവിലെ 11 മണിയോടെയാണ് 30ഓളം തെരുവ് നായ്ക്കളെ കണ്ടെത്തി കൊന്നിട്ടുള്ളത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഴുവന്‍ വാര്‍ഡുകളിലും തെരുവ് നായ്ക്കളെ കണ്ടെത്തി കൊല്ലും. ഓരോ വാര്‍ഡുകളിലേയും തെരുവ് നായ്ക്കളെ കണ്ടെത്താന്‍ അതത് വാര്‍ഡ് മെമ്പര്‍മാര്‍ക്കാണ് പഞ്ചായത്ത് കമ്മിറ്റി ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത്.

നായപിടുത്തത്തില്‍ വിദഗ്ധനായ വരാപ്പുഴ സ്വദേശി രഞ്ജനാണ് തെരുവ് നായ്ക്കളെ കണ്ടെത്തി കൊല്ലുന്നത്. കൊന്നൊടുക്കുന്ന നായ്ക്കളെ നിയമപരമായി പരിശോധനയും പോസ്റ്റ്മോര്‍ട്ടവും മറ്റ് നിയമനടപടികളും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അനുയോജ്യമായ സ്ഥലത്ത് കുഴിച്ച് മൂടുക. ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിലെ 18 മെമ്പര്‍മാരും തെരുവ്നായ ഉന്മൂലന സംഘം ചെയര്‍മാന്‍ ജോസ് മാവേലിയുമായി ഇത് സംബന്ധമായി കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പ് വെയ്ക്കുകയുണ്ടായി. തെരുവ് നായ്ക്കളെ കൊന്ന് കുഴിച്ച് മൂടുന്നതടക്കമുള്ള ചെലവുകള്‍ തെരുവ്നായ ഉന്മൂലന സംഘം വഹിക്കും.

കഴിഞ്ഞ ദിവസം പഞ്ചായത്തിലെ കപ്രശ്ശേരിയില്‍ പേബാധയേറ്റ നായ തെരുവ് നായ്ക്കളെ കടിക്കുകയുണ്ടായി. അതോടെ കൂടുതല്‍ നായ്ക്കള്‍ക്ക് പേബാധ ഏല്‍ക്കാന്‍ സാധ്യത വര്‍ധിച്ചതോടെ നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്. വളര്‍ത്തു മൃഗങ്ങളെ കടിച്ച് കൊല്ലുക, കോഴി ഫാമുകളിലെത്തി കോഴികളെ കൂട്ടത്തോടെ കൊല്ലുക, ഇരുചക്രവാഹനങ്ങള്‍ക്ക് അപകടം സൃഷ്ടിക്കുക, വിദ്യാര്‍ഥികളടക്കമുള്ള കാല്‍ നടയാത്രക്കാരെ ഉപദ്രവിക്കുക തുടങ്ങി തെരുവ് നായ്ക്കളുടെ ഉപദ്രവം രൂക്ഷമായതോടെയാണ് പഞ്ചായത്തിലെ മുഴുവന്‍ മെമ്പര്‍മാരും ഐക്യകണ്ഡമായി തെരുവ് നായ്ക്കളെ കൊന്നൊടുക്കാന്‍ തെരുവ് നായ ഉന്മൂലന സംഘവുമായി സഹകരിച്ച് പദ്ധതി ആവിഷ്ക്കരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. രാജേഷ്, വൈസ് പ്രസിഡന്‍റ് ആശ ഏല്യാസ് എന്നിവര്‍ പറഞ്ഞു.

അതേസമയം, പേപിടിച്ച നായ്ക്കള്‍ എന്ന വേര്‍തിരിവില്ലാതെ മുഴുവന്‍ തെരുവ് നായ്ക്കളും ഉപദ്രവകാരികളാണെന്നും അതിനാല്‍ എല്ലാ തെരുവ് നായ്ക്കളെയും കൊന്നൊടുക്കുകയാണ തെരുവ് നായ ഉന്മൂലന സംഘത്തിന്‍െറ ലക്ഷ്യമെന്ന് സംഘം ചെയര്‍മാന്‍ ജോസ് മാവേലി പറഞ്ഞു.