തെരുവ് നായ്ക്കളെ വന്ധീകരിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ

06:44 pm 20/08/2016
download
തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവ് നായ്ക്കളെ വന്ധീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ. ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകും. ആക്രമണകാരികളായ നായ്കളെ കൊല്ലാൻ നിയമതടസമില്ല. ഒരു നായ്ക്ക് 2,000 രൂപ നിരക്കിൽ വന്ധ്യംകരണത്തിന് തുക നൽകുമെന്നും കെ.ടി ജലീൽ പറഞ്ഞു. തിരുവനന്തപുരം പൂവാറിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് നൽകുന്ന പ്ലാൻ ഫണ്ട് ചെലവഴിച്ചോ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉറപ്പുവരുത്തും. ഇതിനായി സോഷ്യൽ ഒാഡിറ്റ് നടത്തുമെന്നും മന്ത്രി ജലീൽ വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് പുല്ലുവിള കടല്‍ത്തീരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്‍െറ ഭാര്യ ശിലുവമ്മയാണ് (65) മരിച്ചത്. മാരക പരിക്കേറ്റ ശിലുവമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ഇവരുടെ മകന്‍ സെല്‍വരാജിനും പരിക്കേറ്റു. സെല്‍വരാജ് കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.