തെലങ്കാനയില്‍ അത്ലറ്റിക്സ് വിപ്ളവം തീര്‍ത്ത് കേരളത്തിന്‍െറ കുതിപ്പ്

07:40 AM 03/07/2016
images (6)
ഹൈദരബാദ്​:. 56ാം അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ തമിഴകത്തിന്‍െറ കടുത്ത വെല്ലുവിളി അതിജീവിച്ച കേരളത്തിന് തുടര്‍ച്ചയായ എട്ടാം കിരീടം. 164 പോയന്‍റുമായാണ് കേരളം ആധിപത്യം നിലനിര്‍ത്തിയത്. തമിഴ്നാടിന് 150 പോയന്‍റാണുള്ളത്. പുരുഷ, വനിതാ വിഭാഗങ്ങളിലും മലയാളിസംഘം ജേതാക്കളായി. പുരുഷന്മാര്‍ക്ക് 68ഉം വനിതകള്‍ക്ക് 96ഉം പോയന്‍റുണ്ട്. കഴിഞ്ഞദിവസം 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ സ്വര്‍ണമണിഞ്ഞ കേരളത്തിന്‍െറ ജിതിന്‍ പോളാണ് മികച്ച പുരുഷ താരം. 400 മീറ്ററില്‍ റിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഹരിയാനയുടെ നിര്‍മല ഷിയോറാനാണ് മികച്ച വനിതാ താരം. ഗച്ചിബൗളിയിലെ ജി.എം.സി. ബാലയോഗി സ്റ്റേഡിയത്തില്‍ നടന്ന മീറ്റില്‍ രണ്ട് ദേശീയ റെക്കോഡും നാല് മീറ്റ് റെക്കോഡും പിറന്നു. അവസാന ദിനമായ ശനിയാഴ്ച യു.പിയുടെ അന്നുറാണി സ്വന്തം പേരിലുള്ള ജാവലിന്‍ത്രോ റെക്കോഡ് തകര്‍ത്തു. 59.87 മീറ്റര്‍ ദൂരേക്ക് ജാവലിന്‍ പായിച്ച അന്നുറാണി, 2014ലെ ഏഷ്യന്‍ ഗെയിംസില്‍ കുറിച്ച 59.53 മീറ്റര്‍ മറികടന്നു.

അവസാനദിനം വനിതകളുടെ 200 മീറ്ററില്‍ മലയാളി താരം വി. ശാന്തിനി ഗുജറാത്തിനായി സ്വര്‍ണം നേടി. 23.88 സെക്കന്‍ഡിലായിരുന്നു ഈ ഒറ്റപ്പാലത്തുകാരിയുടെ ഫിനിഷ്. ശാന്തിനിയുടെ മികച്ച സമയമാണിത്. 1500 മീറ്ററില്‍ കേരളത്തിന്‍െറ പി.യു. ചിത്രയും (നാല് മിനിറ്റ് 24.47 സെക്കന്‍ഡ്) ഹൈജംപില്‍ ഏയ്ഞ്ചല്‍ പി. ദേവസ്യയും (1.73 മീറ്റര്‍) വെള്ളിമെഡല്‍ നേടി. മീറ്റില്‍ ഒരു വ്യാഴവട്ടം പിന്നിട്ട കര്‍ണാടകയുടെ സഹനകുമാരിക്കാണ് ഹൈജംപില്‍ സ്വര്‍ണം (1.79 മീറ്റര്‍). 5000 മീറ്ററില്‍ തമിഴ്നാടിന്‍െറ ലക്ഷ്മണനും എല്‍. സൂര്യയും സ്വര്‍ണം കൊയ്തു. ഇരുവരും 10,000 മീറ്ററിലും ഒന്നാമതായിരുന്നു. പുരുഷന്മാരുടെ 5000 മീറ്ററില്‍ വയനാട് സ്വദേശി ടി. ഗോപി ഉത്തരാഖണ്ഡിനായി മത്സരിച്ച് മൂന്നാം സ്ഥാനത്തത്തെി.

റിലേയില്‍ ശ്രീലങ്കന്‍ ടീമും
ദേശീയ സീനിയര്‍ മീറ്റാണെങ്കിലും 4-400 മീറ്റര്‍ റിലേയില്‍ ശ്രീലങ്കന്‍ ടീമും ബാറ്റണ്‍ കൈമാറാനത്തെി. ഫെഡറേഷന്‍െറ ക്ഷണപ്രകാരമാണ് മരതകദ്വീപില്‍നിന്ന് താരങ്ങളത്തെിയത്. ഇരുവിഭാഗങ്ങളിലും ലങ്കന്‍ടീമിന് നാലാം സ്ഥാനമാണുള്ളത്. ദേശീയതലത്തില്‍ തെരഞ്ഞെടുത്ത താരങ്ങളടങ്ങിയ ടീമുകളും പുരുഷ, വനിതാ റിലേയില്‍ ഓടാനത്തെി. വനിതകളില്‍ നിര്‍മല, ടിന്‍റു ലൂക്ക, എം.ആര്‍. പൂവമ്മ, അനില്‍ഡ തോമസ് എന്നിവരടങ്ങിയ ദേശീയ ടീമായ ‘ടീം എ’ക്കാണ് സ്വര്‍ണം. മൂന്ന് മിനിറ്റ് 29.04 സെക്കന്‍ഡില്‍ ഇവര്‍ പുതിയ സമയത്തിലാണ് ഓടിയത്തെിയത്. അശ്വനി അക്കുഞ്ചി, ദേബശ്രീ മജുംദാര്‍, മലയാളി താരങ്ങളായ ജിസ്ന മാത്യു, ആര്‍. അനു എന്നിവരടങ്ങിയ ‘ടീം ബി’ വെള്ളി നേടി. പുരുഷന്മാരില്‍ ധരുണ്‍ അയ്യാസ്വാമി, ആരോക്യ രാജീവ്, മലയാളി താരങ്ങളായ മുഹമ്മദ് അനസ്, പി. കുഞ്ഞിമുഹമ്മദ് എന്നിവരടങ്ങിയ ‘ടീം എ’ മൂന്ന് മിനിറ്റ് 03.71 സെക്കന്‍ഡോടെ ഒന്നാമതത്തെി. ഇരു വിഭാഗങ്ങളിലും കേരളത്തിന് ആറാം സ്ഥാനമാണ് ലഭിച്ചത്.