കൊച്ചി: ഹാജരാക്കിയ തെളിവുകള്‍ സംബന്ധിച്ചു വിശദീകരിക്കുന്നതിനായി ജൂണ്‍ 15 വരെ സമയം നല്‍കണമെന്നാവശ്യപ്പെട്ട് സോളര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍ നല്കിയ അപേക്ഷ സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന് കമ്മിഷന് തള്ളി.
ജൂണ്‍ ആറിനു സരിത നിര്‍ബന്ധമായും ഹാജരാകണമെന്ന് അഭിഭാഷകനെ കമ്മിഷന് അറിയിച്ചു. സരിത കമ്മിഷനില്‍ ഹാജരാക്കിയ തെളിവുകളുടെ പകര്‍പ്പാവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എം.പി നല്കിയ ഹര്‍ജി പരിഗണിച്ച കമ്മിഷന് നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ആവശ്യമെങ്കില്‍ പകര്‍പ്പുനല്‍കാമെന്ന് അഭിഭാഷകനെ അറിയിച്ചു.
തെളിവുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കമ്മിഷന് 13നു കത്തു നല്‍കിയെന്ന് വേണുഗോപാല്‍ പത്രങ്ങളില്‍ നല്കിയ പ്രസ്താവന നുണയാണെന്ന് ചൂണ്ടിക്കാട്ടി ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് നല്കിയ പരാതിയില്‍ വേണുഗോപാലിനോട് വിശദീകരണം എഴുതി നല്‍കാനും കമ്മിഷന് ആവശ്യപ്പെട്ടു.
സരിത ഈ മാസം 13നാണ് കമ്മിഷനില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയത്. പോലീസ് കസ്റ്റഡിയില്‍വച്ചെഴുതിയ വിവാദകത്ത് 11ന് ഹാജരാക്കിയിരുന്നു. ഈ തെളിവുകള്‍ കമ്മിഷന് സെക്രട്ടറിക്കാണ് സരിത കൈമാറിയത്.
തെളിവെടുപ്പിന്റെ ഭാഗമായി ഇവ സ്വീകരിക്കണമെകില്‍ അതു നല്കിയ സാക്ഷിയുടെ സാന്നിധ്യത്തില്‍ തെളിവുകളോരോന്നായി കമ്മിഷന് രേഖപ്പെടുത്തണം. നിയമപരമായി ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അവ കമ്മിഷന് തെളിവിന്റെ ഭാഗമായി പരിശോധിക്കാനാവൂ.
അതിനാണ് സരിതയോട് മുപ്പതിന് കമ്മിഷനില്‍ ഹാജരാകാനാവശ്യപ്പെട്ടത്. വ്യക്തിപരമായ ആവശ്യങ്ങളുള്ളതിനാല്‍ ഹാജരാകാനാകില്ലെന്നും ജൂണ്‍ 15 വരെ സമയമനുവദിക്കണമെന്നുമാവശ്യപ്പെട്ട് സരിത അഡ്വ. സി.ഡി. ജോണി വഴി അപേക്ഷ നല്‍കുകയായിരുന്നു. അപേക്ഷ തള്ളിയ കമ്മിഷന് സരിതയുടെ നടപടിയെ വിമര്‍ശിച്ചു.
ജനപ്രതിനിധികളും സമൂഹത്തില്‍ ഉന്നത പദവിയിലിരിക്കുന്നവരുമായ ചിലരെക്കുറിച്ചാണെന്ന് പറഞ്ഞ് ചില പെന്‍ഡ്രൈവും മറ്റും ഹാജരാക്കിയശേഷം വിശദീകരണം നല്‍കാതെ മാറിനടക്കുന്നത് ശരിയല്ലെന്ന് കമ്മിഷന് പറഞ്ഞു. കമ്മിഷനോട് കളിക്കുന്നത് സൂക്ഷിച്ചുവേണം. കമ്മിഷന് രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല. സരിതയെ വിസ്തരിച്ച് തെളിവുപരിശോധിച്ചശേഷം വേണം ആവശ്യമെങ്കില്‍ മറ്റുള്ളവരെ വിളിച്ചുവരുത്താന്‍.
സ്വമേധയാ കമ്മിഷനില്‍ നല്കിയ തെളിവുകളെക്കുറിച്ച് വിശദീകരിക്കാന്‍ സരിതയ്ക്ക് ഉത്തരവാദിത്വമുണ്ട് എന്നു ചൂണ്ടിക്കാട്ടിയ കമ്മിഷന് ജൂണ്‍ ആറിന് ഹാജരാകുന്നതിനായി സരിതയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചതായി അഭിഭാഷകനെ അറിയിച്ചു. ഇക്കാര്യം ഫോണില്‍ വിളിച്ചറിയിച്ചതോടെ ആറിന് ഹാജരാകാമെന്ന് സരിത തന്നെ അറിയിച്ചതായി അഭിഭാഷകന് കമ്മിഷനെ അറിയിച്ചു. ഇതെത്തുടര്‍ന്ന് അറസ്റ്റ് വാറന്റ് ഉത്തരവിറക്കാനുള്ള തീരുമാനം പിന്‍വലിച്ചു.