തേനിയിൽ വാഹനപകടത്തിൽ ആറ് മലയാളികൾ മരിച്ചു

08:40 PM 25/07/2016
images
ചെറുതോണി: വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ ഇടുക്കി തങ്കമണി സ്വദേശികളായ ആറ് പേര്‍ തമിഴ്നാട്ടില്‍ തേനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ദേവതാനം പെട്ടിക്ക് സമീപം പരശുരാമപുരത്താണ് അപകടം.

തങ്കമണി സ്വദേശികളായ കുരിശുപാറ പൊട്ടലാങ്കല്‍ ഷൈന്‍ (35), മുള്ളനാനിക്കല്‍ ബേബി (60), നീലിവയല്‍ കരിപ്പാപറമ്പില്‍ ബിനു (34), അച്ഛന്‍കാരനം വെട്ടുകാട്ടില്‍ അജീഷ് (31), പട്ടലാംകുന്നേല്‍ മോന്‍സി (35), കഞ്ഞിക്കുഴി വെണ്‍മണി ജസ്റ്റിന്‍ ഇളംതുരുത്തി (30) എന്നിവരാണ് മരിച്ചത്. വാഴയില്‍ ഷൈന്‍ എന്നയാള്‍ക്കാണ് പരിക്ക്. ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ബേബിയാണ് വാഹനം ഓടിച്ചിരുന്നത്.

ടൈല്‍സ്പണിയുടെ കരാറുകാരനായ ഷൈന്‍ തന്‍െറ കീഴിലുള്ള ആറ് ജോലിക്കാരുമായി ശനിയാഴ്ച വൈകിട്ട് നാല് മണിക്കാണ് തങ്കമണിയില്‍നിന്ന് വേളാങ്കണ്ണി തീര്‍ഥാടനത്തിനായി പുറപ്പെട്ടത്. അവിടെനിന്ന് തിരിച്ചുവരും വഴിയാണ് അപകടം. വിവരമറിഞ്ഞ് ബന്ധുക്കള്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.