തൊടുപുഴയിൽ ദമ്പതികളെ കെട്ടിയിട്ട് മോഷണം

11;34 AM 13/09/2016
images (1)
തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ദമ്പതികളെ ആക്രമിച്ച് വീട്ടില്‍ നിന്നും പണവും ആഭരണങ്ങളും കവര്‍ന്നു. ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ വിളിച്ചുണര്‍ത്തി കെട്ടിയിട്ടാണ് അക്രമിസംഘം മോഷണം നടത്തിയത്. തൊടുപുഴ അമ്പലം റോഡില്‍ പ്രകാശ് ഗ്രൂപ് ഉടമകളിലൊരാളായ കൃഷ്ണവിലാസം ബാലചന്ദ്രന്‍റെ വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ നാലംഗസംഘം മോഷണം നടത്തിയത്.

ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ ബെല്ലടിച്ച് ഉണര്‍ത്തിയ സംഘം വീട്ടുകാര്‍ വാതില്‍ തുറന്നതോടെ ഒളിച്ചിരുന്നു. തുടർന്ന് വീട്ടിനുള്ളിലേക്ക് കടന്ന് ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും കെട്ടിയിട്ട് വായില്‍ തുണി തിരുകിയായിരന്നു മോഷണം. സംഘത്തിലെ അംഗങ്ങള്‍ സംസാരിച്ചിരുന്നത് മലയാളമല്ലെന്നും വീട്ടുകാര്‍ പറയുന്നു. സംഘത്തിലുണ്ടായിരുന്ന കുട്ടിയാണ് ബെല്ലടിച്ച് വീട്ടുകാരെ ഉണര്‍ത്തിയതെന്നാണ് വിവരം.

1.70 ലക്ഷം രൂപ, ബാലചന്ദ്രന്‍റെ കഴുത്തിലെ മാല, ഭാര്യയുടെ വള മൊബൈല്‍ ഫോണ്‍, ഐപാഡ് എന്നിവയാണ് സംഘം കവർന്നത്. മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇവരെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.