തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സൗദി രാജാവിന്റെ നിര്‍ദേശം

11:02AM 9/8/2016
download (5)
ദമാം: രാജ്യത്തെ വിദേശികളായ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട കമ്പനികളിലെ തൊഴിലാളികള്‍ക്കു മുടങ്ങിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാന്‍ ധന മന്ത്രാലയവുമായി സഹകരിച്ചു ആവശ്യമായ നടപടി സ്വീകരിക്കാന്‍ തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രാലയത്തിനു രാജാവ് നിര്‍ദേശം നല്‍കി.

കരാര്‍ കമ്പനികള്‍ തൊഴിലാളികള്‍ക്കു മുടങ്ങിയ ശമ്പളം നല്‍കിയെന്നു ഉറപ്പു വരുത്താതെ കമ്പനികള്‍ക്കു അവകാശപ്പെട്ട കരാര്‍ തുക തടഞ്ഞു വയ്ക്കാനും ധനമന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ പാര്‍പ്പിടങ്ങളിലെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഉടന്‍ പരിഹരിക്കണം. പാര്‍പ്പിടങ്ങളില്‍ വൈദ്യുതി, ജല വിതരണം എന്നിവ റദ്ദു ചെയതിട്ടുണെ്ടങ്കില്‍ അതു പുനഃസ്ഥാപിക്കണം. ബില്‍ കുടിശികയുണ്ടങ്കില്‍ അവ നല്‍കാന്‍ ധന മന്ത്രാലയം നടപടി സ്വീകരിക്കണം. ഭക്ഷണവും ചികിത്സയും നല്‍കുന്നതിനു നടപടിയുണ്ടാകണം. നാട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റു രാജ്യക്കാര്‍ക്കു ടിക്കറ്റ് ലഭ്യമാക്കാന്‍ സൗദി എയര്‍ലൈന്‍സുമായി ബന്ധപ്പെട്ടു നടപടി സ്വീകരിക്കണം.

സ്വന്തം നാട്ടിലേയ്ക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ജവാസാത്തില്‍ നിന്നും എക്‌സിറ്റ് ലഭ്യമാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോടും രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്.

അടിയന്തരമായി നാട്ടിലേയ്ക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു അവകാശപ്പെട്ട തുക അവരുടെ സ്വന്തം നാടുകളില്‍ എത്തിച്ചു നല്‍കുന്നതിനു ബന്ധപ്പെട്ട നിയമ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ തൊഴില്‍ സാമൂഹ്യ ക്ഷേമ, വിദേശ മന്ത്രാലയങ്ങളോട് നിര്‍ദേശിച്ചു. മാത്രവുമല്ല തൊഴിലാളികള്‍ക്ക് ഇതിനു ആവശ്യമായ രേഖകള്‍ നല്‍കുകയും വേണം.

പ്രശ്‌ന പരിഹാരത്തിനും തൊഴിലാളികള്‍ക്കു മുടങ്ങിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നതിനായി അടിയന്തരമായി സല്‍മാന്‍ രാജാവ് നൂറു ദശലക്ഷം റിയാല്‍ അനുവദിച്ചു.

തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രിയുടെ അറിവോടെ ആകണം തൊഴിലാളികള്‍ക്കു ഈ അക്കൗണ്ടില്‍ നിന്നും പണം നല്‍കേണ്ടത്. തൊഴിലാളികള്‍ക്കു പണം നല്‍കിയ വിവരങ്ങള്‍ ധന മന്ത്രാലയം അതാതു കമ്പനികള്‍ക്കു നല്‍കണം.

ഇന്ത്യക്കാരായ തൊഴിലാളികളുട വിഷയത്തില്‍ സൗദി ഗവണമെന്റ് സ്വീകരിച്ച നടപടി അംബാസഡറെ ബോധ്യപ്പെടുത്താനും തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തോട് രാജാവ് നിര്‍ദേശിച്ചു. മറ്റു രാജ്യക്കാരായ തൊഴിലാളികളുടെ വിഷയത്തിലും നടപടി സ്വീകരിച്ചതായി അതാതു രാജ്യങ്ങളുടെ അംബാസഡര്‍മാരേയും ധരിപ്പിക്കണം. ഇതിനു അംബാസഡര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തോട് നിര്‍ദേശിച്ചു.

പ്രതിസന്ധിയിലായ തൊഴിലാളികളുടെ പ്രത്യേകിച്ച് ഇന്ത്യ, ഫിലിപ്പിന്‍ തൊഴിലാളികളുട കാര്യത്തില്‍ കൈക്കൊണ്ട നടപടികള്‍ സംസ്‌കാരിക വാര്‍ത്താ വിനിമയ മന്ത്രാലയത്തെ അറിയിക്കുന്നതിനു തൊഴില്‍ സാമൂഹ്യ മന്ത്രിയോട് നിര്‍ദേശിച്ചു.