തൊഴിലാളികള്‍ക്കു ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

02.26 AM 20-07-2016

Medical and health insurance claim form with stethoscope on clipboard

Medical and health insurance claim form with stethoscope on clipboard


സൗദിയില്‍ തൊഴിലാളികള്‍ക്കു ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. ജീവനക്കാര്‍ക്കു ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാത്ത സ്ഥാപനങ്ങളുടെ നിയമനാധികാരത്തിന് താത്കാലികമായോ സ്ഥിരമായോ വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം.
തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്ന് കൗണ്‍സില്‍ ഓഫ് ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത് ഇന്‍ഷൂറന്‍സ് വക്താവ് യാസിര്‍ അലി അല്‍മആരിക് വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികളും വിദേശികളുമായ ജീവനക്കാര്‍ക്കു ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നുണ്ടോ എന്നു കണ്ടെത്തുന്നതിനു സ്ഥാപനങ്ങളില്‍ പരിശോധന നടത്തും.
ജീവനക്കാര്‍ക്കും അവരുടെ സൗദിയിലുള്ള കുടുംബങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കിയിരിക്കണം. ജീവനക്കാര്‍ക്കു ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാത്ത സ്ഥാപനയുടമകളുടെ പേരില്‍ താത്കാലികമായോ സ്ഥിരമായോ റിക്രൂട്ട്‌മെന്റിനു വിലക്ക് ഏര്‍പ്പെടുത്തുന്ന ശിക്ഷാ നടപടികള്‍ സ്വീകരിക്കാമെന്ന് ഇന്‍ഷൂറന്‍സ് കൗണ്‍സിലിന്റെ നിയമാവലിയില്‍ പറയുന്നുണ്ട്.
സ്വകാര്യ മേഘലയിലെ ജീവനക്കാര്‍ക്കും അവരുടെ ഭാര്യക്കും 25 വയസ്സുവരെ പ്രായമായ മക്കള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കണമെന്നാണ് വ്യവസ്ഥ. ആരോഗ്യ ഇന്‍ഷൂറന്‍സ് സംബന്ധിച്ചുള്ള പരാതികള്‍ക്ക് 920001177 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണന്ന് യാസിര്‍ അലി അല്‍മആരിക് പറഞ്ഞു.