ത്രിരാഷ്ട്ര പരമ്പര: ഓസീസ് ഫൈനലില്‍

03:10pm 22/6/2016
download (5)

ബാര്‍ബഡോസ്: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നു. 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 48.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (78), മിച്ചല്‍ മാര്‍ഷ് (പുറത്താകാതെ 79) എന്നിവരുടെ മികവിലാണ് ഓസീസ് ഫൈനല്‍ ബര്‍ത്ത് നേടിയത്. 26 പന്തില്‍ 46 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെലും മാര്‍ഷിനൊപ്പം പുറത്താകാതെ നിന്നു.

നേരത്തെ മര്‍ലോണ്‍ സാമുവല്‍സിന്റെ 10-ാം ഏകദിന സെഞ്ചുറി മികവിലാണ് വിന്‍ഡീസ് മികച്ച സ്‌കോര്‍ നേടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് രാംദിന്‍ (91) സാമുവല്‍സിന് മികച്ച പിന്തുണ നല്‍കി. 31/3 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുമ്പോഴാണ് ഇരുവരും നാലാം വിക്കറ്റില്‍ ഒത്തുകൂടുന്നത്. ഇരുവരും 191 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും ജയിംസ് ഫോക്‌നര്‍, സ്‌കോട്ട് ബൊലാന്‍ഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി. സെഞ്ചുറി നേടിയ സാമുവല്‍സാണ് മാന്‍ ഓഫ് ദ മാച്ച്.