ദക്ഷിണ കൊറിയയില്‍ അഴിമതി വിവാദത്തില്‍ കുടുങ്ങിയ പ്രസിഡന്‍റ് പാര്‍ക് ഗ്യുന്‍ ഹൈ രാജിവെക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ജനം തെരുവിലിറങ്ങി

09:07 am 13/11/2016
images
സോള്‍: ദക്ഷിണ കൊറിയയില്‍ അഴിമതി വിവാദത്തില്‍ കുടുങ്ങിയ പ്രസിഡന്‍റ് പാര്‍ക് ഗ്യുന്‍ ഹൈ രാജിവെക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ജനം തെരുവിലിറങ്ങി. രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍നിന്നാണ് സോളിലേക്ക് പ്രതിഷേധക്കാര്‍ എത്തിയത്.

ഒരു ദശകത്തിനിടെ രാജ്യത്ത് നടക്കുന്ന ഏറ്റവുംവലിയ പ്രതിഷേധറാലിയാണിത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തലസ്ഥാനമായ സോളില്‍ 25,000ത്തോളം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍, സമാധാനപരമായാണ് പ്രതിഷേധക്കാരുടെ പ്രകടനം. റാലിയില്‍ പങ്കെടുത്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. 2008ല്‍ യു.എസില്‍നിന്ന് ബീഫ് ഇറക്കുമതി പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 80,000ത്തോളം പേര്‍ സംഘടിച്ചിരുന്നു. 1987ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധറാലിയില്‍ എട്ടുലക്ഷം പേരാണ് പങ്കാളികളായത്.

ഉറ്റസുഹൃത്തിന് സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്താനും അനധികൃത പണം സമ്പാദിക്കാനും കൂട്ടുനിന്നുവെന്നാണ് പ്രസിഡന്‍റിനെതിരെ ഉയര്‍ന്ന ആരോപണം. വിവാദമുയര്‍ന്നതോടെ പാര്‍ക് ഗ്യുന്‍ ഹൈ പൊതുജനങ്ങളോട് ഖേദം പ്രകടിപ്പിക്കുകയും മന്ത്രിസഭ പുന$സംഘടിപ്പിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. പ്രസിഡന്‍റിന്‍െറ സവിശേഷാധികാരങ്ങളില്‍ ചിലത് ഉപേക്ഷിക്കാമെന്നും പ്രസ്താവിക്കയുണ്ടായി. എന്നാല്‍, ഗ്യുന്‍ ഹൈയുടെ രാജിയാവശ്യത്തില്‍നിന്ന് പിന്നോട്ടില്ളെന്ന് പ്രഖ്യാപിച്ചിരിക്കയാണ് പൊതുജനം. വിവാദമുയര്‍ന്നതോടെ പ്രസിഡന്‍റിന്‍െറ ജനപ്രീതി ഇടിയുകയും ചെയ്തു.

പ്രസിഡന്‍റുമായുള്ള അടുപ്പം മുതലെടുത്ത് സര്‍ക്കാറിന്‍െറ തന്ത്രപ്രധാന ഒൗദ്യോഗികരേഖകള്‍ പരിശോധിക്കുകയും സന്നദ്ധസംഘടന വഴി അനധികൃതമായി പണം സമ്പാദിക്കുകയും ചെയ്ത ബാല്യകാലസുഹൃത്ത് ചോയി സൂന്‍ സില്ലിനെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാംസങ് പോലുള്ള കമ്പനികളില്‍നിന്നാണ് സംഘടനക്ക് പണം ലഭിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് സാംസങ് എക്സിക്യൂട്ടിവിനെയും രാജ്യത്തെ ഏറ്റവുംവലിയ സ്റ്റീല്‍ നിര്‍മാന കമ്പനി തലവനെയും പൊലീസ് ചോദ്യം ചെയ്തു.