സോള്‍: ദക്ഷിണ കൊറിയയെ ആക്രമിക്കുന്നതിന് തയാറെടുക്കാന്‍ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ദക്ഷിണ കൊറിയന്‍ ചാരസംഘടനയുടെ റിപ്പോര്‍ട്ട്. ആണവായുധം പരീക്ഷിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പുതിയ ഭീഷണി. വ്യാഴാഴ്ച അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത സെനൂരി പാര്‍ട്ടി വക്താവാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ഇക്കാര്യം ചോര്‍ത്തിനല്‍കിയതെന്നാണ് വിവരം.
അദ്ദേഹത്തിന്റെ ചാര ഏജന്‍സികള്‍ ദക്ഷിണ കൊറിയക്കുമേല്‍ സൈബര്‍ ആക്രമണങ്ങളും മറ്റാക്രമണങ്ങളും നടത്താന്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. മുമ്പും ഉത്തര കൊറിയ ദക്ഷിണ കൊറിയക്കുമേല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. വിവരം കിട്ടിയതെങ്ങനെയെന്ന കാര്യം സെനൂരി വക്താവ് വ്യക്തമാക്കിയിട്ടില്ല. പേരു വെളിപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരിയില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച ഉത്തരകൊറിയക്കെതിരെ ഉച്ചഭാഷിണിയിലൂടെ പ്രതിഷേധിച്ച ദക്ഷിണ കൊറിയക്ക് കിം ജോങ് ഉന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അധികം ശബ്ദമുയര്‍ത്തിയാല്‍ യുദ്ധമായിരിക്കും ഫലമെന്നായിരുന്നു ഭീഷണി.