ദളിത് യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി

05-13 PM 15-04-2016
bloody_knife
ദളിത് യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി. മൈസൂരുവില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള നന്‍ജഗഡിലാണ് സംഭവം. ഇരുപത്തിയൊന്നുകാരിയായ മധുകുമാരിയാണ് മാനംകാക്കല്‍ കൊലപാതകത്തിന് ഇരയായത്.
ജ്യൂസില്‍ വിഷംകലര്‍ത്തി മധുകുമാരിക്ക് മാതാപിതാക്കളായ ഗുരുമല്ലപ്പയും (64) മഞ്ജുളയും (48) സഹോദരന്‍ ഗുരുപ്രസാദും (26) നല്‍കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് മധുകുമാരിയെ മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, മധുകുമാരിയുടെ കാമുകന്‍ ജയറാമിനെഴുതിയ കത്തുകളില്‍ നിന്നാണ് പോലീസ് ഇതൊരു മാനംകാക്കല്‍ കൊലയാണെന്ന സ്ഥിരീകരണത്തില്‍ എത്തിയത്. തന്നെ അപായപ്പെടുത്താന്‍ വീട്ടുകാര്‍ തുനിഞ്ഞേക്കുമെന്നും ജയറാമിനുള്ള ഒരു കത്തില്‍ മധുകുമാരി എഴുതിയിട്ടുണ്ടായിരുന്നു.
മധുകുമാരിയുടെ മാതാപിതാക്കളെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. വിഷംകലര്‍ത്തിയ ജ്യൂസ് നല്‍കാന്‍ ഉപയോഗിച്ച ഗ്ലാസ് പോലീസ് കണ്ടെടുത്തു. മധുകുമാരിയുടെ കാമുകനായിരുന്ന ജയറാം പോലീസ് സംരക്ഷണയിലാണിപ്പോള്‍.