ദാവൂദ് ബന്ധം: മഹാരാഷ്ട്ര റവന്യൂ മന്ത്രി രാജിവച്ചു

03;15pm 4/6/2016
images (10)

മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രഹിമുമായി ടെലിഫോണ്‍ ബന്ധം സ്ഥാപിച്ചുവെന്ന് ആരോപണം നേരിട്ട മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്‌നാഥ് ഖഡ്‌സൈ രാജിവച്ചു. ശനിയാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഖഡ്‌സെയ്‌ക്കെതിരൊയ ആരോപണങ്ങളില്‍ ബി.ജെ.പി നേതൃത്വത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.
ദാവൂദിന്റെ കറാച്ചിയിലെ വസതിയില്‍ നിന്നും ഖഡ്‌സെയുടെ മൊബൈലിലേക്ക് കോള്‍ വന്നുവെന്നായിരുന്നു പ്രധാന ആരോപണം. കൂടാതെ സര്‍ക്കാര്‍ ഭൂമി നിസാരവിലയ്ക്ക് ഭാര്യയും മരുമകന്റെയും പേരില്‍ വാങ്ങിയതും വിവാദമായി. 40 കോടി രൂപ വിലമതിക്കുന്ന പൂനെയിലെ മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പറേഷന്റെ ഭൂമിയാണ് ഖഡ്‌സെ കുടുംബം 3.75 കോടിക്ക് സ്വന്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് ഖഡ്‌സെയുടെ അനുയായി പണം തട്ടിയെടുത്ത സംഭവവുമുണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ പ്രമുഖ ബി.ജെ.പി നേതാവും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്നു ഖഡ്‌സെ. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം ഖഡ്‌സെയോട് വിശദീകരണം തേടിയിരുന്നു. മന്ത്രിയുടെ കാര്യത്തില്‍ ഉടനടി ഉചിതമായ നടപടി വേണമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസിനും ഷാ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ഏക്‌നാഥ് വൈകാതെ രാജിവയ്ക്കുമെന്ന് ബി.ജെ.പി വക്താവ് സൂചന നല്‍കിയിരുന്നു. ചൊവ്വാഴ്ച നടന്ന മന്ത്രിസഭ യോഗത്തില്‍ ഏക്‌നാഥ് പങ്കെടുത്തില്ല. തിങ്കളാഴ്ച മുതല്‍ ഔദ്യോഗിക കാര്‍ ഉപയോഗിക്കുന്നതും നിര്‍ത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി ഏക്‌നാഥ് കൂടിക്കാഴ്ച നടത്തിയെങ്കിലും കേന്ദ്ര നിലപാട് അറിയാന്‍ കാത്തിരിക്കുകയായിരുന്നു.