ദിലീപും കാവ്യയും വിവാഹിതരായി

10:33 am 25/11/2016
images
കൊച്ചി: ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യാമാധവനും വിവാഹിതരായി. രാവിലെ ഒമ്പത് മണിക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും ചലച്ചിത്ര മേഖലയിലെ സുഹൃത്തുകളും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. മകൾ മീനാക്ഷിയും ചടങ്ങിനെത്തി. ഇരുതാരങ്ങളുടെയും രണ്ടാം വിവാഹമാണിത്.
വിവാഹ വാർത്ത ദിലീപ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. വിവാഹത്തിന് മകൾ മിനാക്ഷിയുടെ പിന്തുണയുണ്ട്. പ്രേക്ഷകരുടെ പിന്തുണയും ആശംസയും വേണമെന്നും ദിലീപ് അറിയിച്ചു. ഗോസിപ്പിന് അറുതി വരുന്നത് നല്ലതാണെന്ന് നിർമാതാവ് സുരേഷ് കുമാർ പറഞ്ഞു.

നിർമാതാവ് സുരേഷ് കുമാർ, സംവിധായകൻ സിദ്ദീഖ്, ഷാജി കൈലാസ്, സുരേഷ് ബാബു, നടന്മാരായ മമ്മൂട്ടി, ജയറാം, ജനാർദനൻ, ധർമജൻ ബോൾഗാട്ടി, നടിമാരായ മേനക, ചിപ്പി, ജോമോൾ, മീര ജാസ്മിൻ, കുക്കു പരമേശ്വരൻ അടക്കമുള്ള ചലച്ചിത്ര താരങ്ങളും എം.എൽ.എ ഹൈബി ഈഡൻ, അൻവർ സാദത്ത് ചടങ്ങിൽ പങ്കെടുത്തു.ഉച്ചയോടെ ദിലീപും കാവ്യയും ദുബൈയിലേക്ക് പോകും.
മഞ്ജുവാര്യരുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ ദിലീപ്, കാവ്യയെ വിവാഹം കഴിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇരുവരും വാർത്ത നിഷേധിച്ചു. ഏറെ കാലത്തെ കാത്തിരിപ്പിനും ഊഹാപോഹങ്ങൾക്കും ശേഷമാണ് വിവാഹം.
2015 ജനുവരി 31നാണ് ദിലീപും മഞ്ജുവും എറണാകുളം കുടുംബ കോടതിയില്‍ നിന്ന് വിവാഹമോചനം നേടിയത്. മുന്നോട്ട് ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താരങ്ങൾ വിവാഹമോചനം ആവശ്യപ്പെട്ടത്.
ലാൽ ജോസിന്‍റെ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിക്കുന്നത്. കമൽ ചിത്രം ‘അഴകിയ രാവണനി’ൽ ബാലതാരമായാണ് കാവ്യാ മാധവൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.