– അപ്പച്ചന്‍ കണ്ണന്‍ചിറ
പ്രിസ്റ്റണ്‍: പ്രിസ്റ്റണില്‍ വെച്ചു നടത്തപ്പെട്ട ആദ്യകുര്‍ബ്ബാന സ്വീകരണവും, സ്ഥൈര്യലേപനവും ആത്മീയോത്സവമായി.ആത്മീയ നിറവിലും, പാരമ്പര്യ ആചാര ക്രമത്തിലും,അഭിഷേക നിറവില്‍ നടത്തപ്പെട്ട കൂദാശകള്‍ ഏവര്‍ക്കും വലിയ ദിവ്യാനുഭവം പകരുകയായി.
താമരശ്ശേരി രൂപതാദ്ധ്യക്ഷനും,മലയോര കര്‍ഷകരുടെ ഉന്നമനത്തിനായി നേതൃത്വം വഹിക്കുകയും ചെയ്യുന്ന മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പ്രിസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വെച്ചു നടന്ന ആഘോഷമായ ആദ്യ കുര്‍ബ്ബാന സ്വീകരണത്തിനും, സ്ഥൈര്യലേപന ശുശ്രുഷക്കും മുഖ്യ കാര്‍മ്മീകത്വം വഹിച്ചു. ഇടവക വികാരി ഫാ.മാത്യു ജേക്കബ് ചൂരപൊയികയില്‍, ലിവര്‍പ്പൂള്‍ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ജിനോ അരീക്കാട്ട് എന്നിവര്‍ സഹകാര്‍മ്മീകരായിരുന്നു.
ലാളിത്യത്തിന്റെയും,വിനയത്തിന്റെയും,പരമ സ്‌നേഹത്തിന്റെയും വക്താവായി വന്ന കരുണാവാരിധിയായരക്ഷകന്റെ പീഡാനുഭവ നൊമ്പരത്തോടൊപ്പം സ്ഥാപിക്കപ്പെട്ട രക്ഷയുടെ കവചമാണ് വിശുദ്ധ ബലി.വിശുദ്ധ ബലിയില്‍ പങ്കാളിയാവുമ്പോള്‍ യേശു പഠിപ്പിച്ച വിനയവും,കരുണയും, സ്‌നേഹവും,ത്യാഗവും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കുവാനും,നന്മ നിറഞ്ഞ മനസ്സോടെ ദൈവ സന്നിധിയില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുകയുമാണ് നമ്മുടെ പ്രഥമ കടമ എന്ന് പിതാവ് വിശുദ്ധ കുര്ബ്ബാന മദ്ധ്യേ നല്കിയ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.ദിവ്യ കാരുണ്യം സ്വീകരിക്കുന്നവര്‍ കാരുണ്യ സുമനസ്സുകളും,കരുണയുടെ പ്രഘോഷകരും ആവേണം.
യുറോപ്പിലെ പ്രഥമ ഇടവകയും,മനോഹരമായ ദേവാലയവും സ്വന്തമായി നേടിയെടുക്കുവാന്‍ അനുഗ്രഹിക്കപ്പെട്ട ഇടവകാംഗങ്ങള്‍ക്ക അകൈതവമായ അഭിനന്ദനം അറിയിക്കുവാനും ഹാര്‍ദ്ധവമായ ആശംശകള്‍ നേരുവാനും പിതാവ് തതവസരം ഉപയോഗിച്ചു.
കര്‍മ്മലീത്ത മഠത്തിലെ സിസ്റ്റര്‍ അനുപ,സിസ്റ്റര്‍ റോജിറ്റ് എന്നിവരാണ് കുട്ടികളെ കൂദാശ സ്വീകരണങ്ങള്‍ക്ക് ഒരുക്കിയത്. ജോണ്‍സന്‍ ആന്‍ഡ് ടീം നയിച്ച ഗാന ശുശ്രുഷ ആദ്യ കുര്‍ബ്ബാന സ്വീകരണ ശുശ്രുഷയില്‍ ആത്മീയ സാന്ദ്രത പകര്‍ന്നു.
പ്രിസ്റ്റണിലെ മുഴുവന്‍ വിശ്വാസീ കുടുംബങ്ങളും ഒത്തു ചേര്‍ന്ന് തങ്ങളുടെ കുഞ്ഞു മക്കള്‍ ക്രിസ്തുവിന്റെ ദിവ്യ ശരീരവും,തിരു രക്തവും ആദ്യമായി സ്വീകരിക്കുകയും, സ്ഥൈര്യലേപന കൂദാശയിലൂടെ പരിശുദ്ധാത്മാ അഭിഷേകം നേടുകയും ചെയ്യുവാന്‍ അനുഗ്രഹിക്കപ്പെട്ട ഈ മംഗള സുദിനം ഏറ്റവും വലിയ വിശ്വാസ ആഘോഷമാക്കി മാറ്റുകയായിരുന്നു.
വിശുദ്ധ കൂദാശ സ്വീകരണ ശുശ്രുഷകള്‍ക്ക് ശേഷം വില്ലേജ് ഹാളില്‍ ഒത്തു ചേര്‍ന്ന് തങ്ങളുടെ പ്രിയ മക്കള്‍ രുചിച്ച ആത്മീയ വിരുന്നിനും, പരിശുദ്ധാത്മാ അഭിഷേകത്തിനും ആഹ്‌ളാദവും,നന്ദിയും പങ്കിട്ടു കൊണ്ട് സ്‌നേഹ വിരുന്നും, കലാപരിപാടികളും,ഓര്‍ക്കസ്ട്രയും ചേര്‍ത്ത് തതവസരത്തെ ആത്മീയാഘോഷമാക്കി മാറ്റുകയായി. ആശംശകളും, പ്രാര്‍ത്ഥനകളും നേരുവാനും,സമ്മാനങ്ങള്‍ നല്കുവാനും ആയി ഇടവകാ സമൂഹത്തോടൊപ്പം ബന്ധുക്കളും, സുഹൃത്തുക്കളും, സഹപാഠികളും ഒക്കെയായി ഹാളില്‍ വലിയ തിരക്കായിരുന്നു.
റിസപ്ഷന് ആമുഖമായി സ്വാഗത പ്രസംഗത്തിനു ശേഷം റെമിജിയൂസ് പിതാവിന്റെ പ്രാരംഭ പ്രാര്‍ത്തനയും തുടര്‍ന്ന് കേക്ക് മുറിച്ചു മധുരം പങ്കിടലും നടന്നു.
തോമസ്മഞ്ജു ദമ്പതികളുടെ മക്കളായ അലിഷാ ജെയിംസ് , റോഷന്‍ ജെയിംസ്,സുനോജ്ജെമി ദമ്പതികളുടെ മകന്‍ ജേക്ക് സുനോജ് എന്നിവര്‍ക്കാണ് തങ്ങളുടെ പാരമ്പര്യ ആചാരത്തില്‍ ഒന്നിച്ചു പ്രഥമ ദിവ്യ കാരുണ്യം സ്വീകരിക്കുവാന്‍ കഴിഞ്ഞത്. ജോര്ജ്ജ്നീന മകള്‍ സ്‌നേഹ, ജോജിആന്സി മകന്‍ ജൊഹാന്‍,ജോമോന്സിനി മകന്‍ ലിയോണ്‍,സോജി ട്വിങ്കിള്‍ മകന്‍ നോയല്‍ എന്നിവരാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്.