ദീപിക കുമാരി ലോകറെക്കോഡിനൊപ്പം

08:55am 28/4/2016
1461787831_1461787831_c28s
ഷാങ്‌ഹായി: ഇന്ത്യന്‍ അമ്പെയ്‌ത്ത് താരം ദീപിക കുമാരി ലോകറെക്കോഡിനൊപ്പം. ചൈനയിലെ ഷാങ്‌ഹായില്‍ നടക്കുന്ന ലോക അമ്പെയ്‌ത്ത് ചാമ്പ്യന്‍ഷിപ്പിലാണ്‌ റെക്കോഡിന്‌ ഒപ്പമെത്തിയ പ്രകടനവുമായി ദീപിക തിളങ്ങിയത്‌. വനിതകളുടെ റിക്വര്‍വ്‌ വിഭാഗത്തില്‍ 720ല്‍ 686 പോയിന്റ്‌ നേടിയാണ്‌ ദീപിക 2015ല്‍ ദക്ഷിണകൊറിയന്‍ താരം കി ബോ ബെയ്‌ സ്‌ഥാപിച്ച ലോകറെക്കോഡിന്‌ ഒപ്പമെത്തിയത്‌.
ഈയിനത്തില്‍ 2011, 2012, 2013 വര്‍ഷങ്ങളില്‍ വെള്ളി നേടിയ താരമാണ്‌ ദീപിക. 2010-ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ റിക്വര്‍വ്‌ വ്യക്‌തിഗയ-ടീമിനങ്ങളിലെ സ്വര്‍ണ ജേതാവുകൂടിയാണ്‌ ഈ 21കാരി. 2010 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട്‌.
ഈ വര്‍ഷം രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ദീപികയുടെ ലക്ഷ്യം റിയോ ഒളിമ്പിക്‌സാണ്‌. കഴിഞ്ഞവര്‍ഷം കോപ്പന്‍ഹേഗനില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിലെ പ്രകടനമാണ്‌ ദീപികയ്‌ക്ക് ഒളിമ്പിക്‌ യോഗ്യത നേടിക്കൊടുത്തത്‌.