ദീപ വിനുവിന് ന്യൂയോര്‍ക്ക് നഴ്‌സിംഗ് മാനേജ്‌മെന്റ് എക്‌സലന്‍സ് അവാര്‍ഡ്

08;08 pm 12/11/2016
Newsimg1_17224854
ന്യൂയോര്‍ക്ക് സിറ്റി : അമേരിക്കന്‍ മലയാളി നഴ്‌സിന് ന്യൂയോര്‍ക്ക് എക്‌സലന്‍സ് ഇന്‍ മാനേജ്‌മെന്റ് അവാര്‍ഡ് ലഭിച്ചു. ന്യൂയോര്‍ക്ക് നിവാസിയും മലയാളിയുമായ ദീപ വിനുവിനാണ് 2016 ലെ അവാര്‍ഡ് ലഭിച്ചത്. നേഴ്‌സിങ് മാനേജ്‌മെന്റിലുള്ള വൈഭവം, നേതൃത്വപാടവം, തൊഴിലിനോടുള്ള പ്രതിബദ്ധത തുടങ്ങിയ കാര്യങ്ങള്‍ അവാര്‍ഡിന് നിര്‍ണ്ണായകമായി. ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് , ഹോസ്പിറ്റല്‍ വകുപ്പുകളുടെ നെറ്റ് വര്‍ക്കിലെ ആതുരശുശ്രൂഷാമേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകളില്‍ നിന്നാണ് ദീപയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ സേവനം ചെയ്യുന്ന എണ്ണായിരം നേഴ്‌സുമാരില്‍ നിന്നും 160 നോമിനേഷനുകള്‍ അവാര്‍ഡ് കമ്മിറ്റിക്ക് മുമ്പാകെ ലഭിച്ചു. ഹോസ്പിറ്റല്‍ മാനേജര്‍ ആയി സേവനം ചെയ്യുന്ന ദീപ ഡിമെന്‍ഷ്യയ്ക്കുള്ള ഒരുതരം നൂതന തെറാപ്പി വികസിപ്പിച്ചതാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. മംഗലാപുരം ഫാ.മുള്ളേഴ്‌സ് കോളേജില്‍ നിന്നും എം.എസ്.സി (സൈക്കാട്രി നേഴ്‌സിങ്) നേടിയ ദീപ കഴിഞ്ഞ പത്ത് വര്‍ഷമായി അമേരിക്കയില്‍ സേവനം ചെയ്യുന്നു. തൃശൂര്‍ ജില്ലയിലെ പരേതനായ പുത്തന്‍ച്ചിറ മാളിയേക്കല്‍ കൂനന്‍ വര്‍ഗീസ് – സോഫിയാമ്മ ദമ്പതികളുടെ മകളാണ്.