ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

12:08pm 26/7/2016
download (7)
കട്ടപ്പന: ദുബായില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കട്ടപ്പന കണിയാരകത്ത് പരേതനായ കെ.സി. തോമസിന്റെ മകന്‍ റോയി തോമസാണ് (45) മരിച്ചത്. ജോലിസ്ഥലത്തുനിന്നു താമസസ്ഥലത്തേക്ക് പോകുന്നതിനായി വാഹനം കാത്തുനില്‍ക്കുന്നതിനിടെ ലോഡുമായി വന്ന വാഹനമിടിച്ചായിരുന്നു അപകടം.

ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.30നു അപകടം നടന്നതായും സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചതായുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം. ദുബായ് കോമഡോര്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഭാര്യ: ആശ കാമാക്ഷി മാമലശേരില്‍ കുടുംബാംഗവും കട്ടപ്പന തെര്‍മോ സെക്യൂരിറ്റി സിസ്റ്റം ഉടമയുമാണ്. പുളിയന്മല കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ഗ്രിഗറി, ഗസല്‍ എന്നിവരാണ് മക്കള്‍. മംഗളം കട്ടപ്പന ലേഖകന്‍ കെ.എം. മത്തായി സഹോദരനാണ്.