ദുബൈ ടാക്സികളുടെ എണ്ണം 7000 ആക്കും

12:22 pm 17/08/2016
images (1)
ദുബൈ: അഞ്ചുവര്‍ഷം കൊണ്ട് ദുബൈ ടാക്സി കോര്‍പറേഷന് കീഴിലുള്ള ടാക്സികളുടെ എണ്ണം 7000 ആക്കാന്‍ തീരുമാനം. ടാക്സികളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധന വരുത്തും. ഇതടക്കമുള്ള ദുബൈ ടാക്സി കോര്‍പറേഷന്‍െറ പഞ്ചവത്സര പദ്ധതിക്ക് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അംഗീകാരം നല്‍കി. എക്സ്പോ 2020 മുന്നില്‍കണ്ട് ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് എല്ലാവര്‍ക്കും യാത്രാസംവിധാനങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം.
2016- 2021 വര്‍ഷത്തേക്കുള്ള പഞ്ചവത്സര പദ്ധതിക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. 2015ലെ കണക്ക് പ്രകാരം 5000 ടാക്സികളാണ് കോര്‍പറേഷന് കീഴിലുള്ളത്. ഇത് ഘട്ടംഘട്ടമായി 7000 ആക്കും. ലിമൂസിനുകളുടെ എണ്ണം 113ല്‍ നിന്ന് 500 ആക്കും. 340 ശതമാനം വര്‍ധനയാണ് ലക്ഷ്യമിടുന്നത്. ടാക്സികളില്‍ പകുതിയും അന്തരീക്ഷ മലിനീകരണം കുറക്കുന്ന ഹൈബ്രിഡ് ആക്കി മാറ്റും.