ദുരിതാശ്വാസം കിട്ടിയില്ലെന്ന് പരാതി; യുവാവ് താലൂക്ക് ഓഫീസ്‌കത്തിക്കാന്‍ ശ്രമിച്ചു

12.32 PM 06-09-2016
fire_thaluk_office_090616
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം ലഭിച്ചില്ലെന്ന് ആരോപിച്ച് യുവാവ് താലൂക്ക് ഓഫീസ് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. രാവിലെ എട്ടരയോടെ നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിലാണ് സംഭവം. കാരോട് സ്വദേശി സുരേഷ് (39) ആണ് കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ ഓഫീസിന്റെ ഇടനാഴിയിലൊഴിച്ച് തീ കൊളുത്തിയത്. വിവരം അറിഞ്ഞ് നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്ത് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. തീ പടര്‍ന്നുപിടിക്കുന്നതിന് മുന്‍പ് അണച്ചതിനാല്‍ ദുരന്തം ഒഴിവായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ചികിത്സാ ധനസഹായത്തിനു സുരേഷ് അപേക്ഷ നല്‍കിയതായി പോലീസ് പറയുന്നു. തുക അനുവദിച്ചെങ്കിലും താലൂക്ക് ഓഫീസില്‍ നിന്നും ലഭിക്കുന്നില്ലായെന്നാണ് ഇയാളുടെ വാദം. ഇതു സംബന്ധിച്ച് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ പറയുന്നതിങ്ങനെ: ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ താലൂക്ക് സഭയായിരുന്നു. സുരേഷ് താലൂക്ക് ഓഫീസിലെത്തി തന്നെ കാണുകയും ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരക്കുകയും ചെയ്തു. സെക്ഷനില്‍ അന്വേഷിച്ചപ്പോള്‍ സുരേഷിന്റെ അപേക്ഷയുമായി ബന്ധപ്പെട്ട ഫയലോ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവോ ഇല്ലായെന്ന് അറിയുകയും സുരേഷിനെ അക്കാര്യം ബോധ്യപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ എംഎല്‍എ യുടെ കത്തു വേണമോ, ഏതു എംഎല്‍എയുടെ കത്തു വേണം എന്നായിരുന്നുവത്രെ സുരേഷിന്റെ പ്രതികരണം. എംഎല്‍എയുടെ കത്ത് ആവശ്യമില്ലെന്നും താലൂക്ക് ഓഫീസില്‍ എത്തിയാലുടന്‍ വിതരണം ചെയ്യുമെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി. നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിനെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ പറയുന്നു.
ഇന്ന് രാവിലെ എട്ടരയോടെ ഓട്ടോറിക്ഷയിലാണ് സുരേഷ് താലൂക്ക് ഓഫീസ് പരിസരത്ത് എത്തിയത്. രാവിലെ ഓഫീസ് വൃത്തിയാക്കാനെത്തിയ ജീവനക്കാരും നൈറ്റ് വാച്ച്മാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുരേഷ് കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ എടുത്ത് ഓഫീസിന്റെ ഇടനാഴിയില്‍ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്തു. വിവരം അറിഞ്ഞ് തൊട്ടടുത്തു തന്നെയുള്ള നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ നിന്നും പോലീസ് എത്തി. തീ പെട്ടെന്ന് തന്നെ അണയ്ക്കുകയും ചെയ്തു. സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി സുരേഷിനെ പിടികൂടി.
നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു സുരേഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒന്നര വര്‍ഷം മുമ്പാണ് അപേക്ഷ നല്‍കിയതെന്ന് സുരേഷ് പറയുന്നു. ഇതിനിടയില്‍ കുറച്ചുകാലം പേരൂര്‍ക്കടയില്‍ മാനസികാസ്വാസ്ഥ്യത്തിനും ചികിത്സയ്ക്ക് വിധേയനായി. ജീവിക്കാന്‍ തീരെ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് താലൂക്ക് ഓഫീസിലെത്തിയതെന്നും സുരേഷ് പറഞ്ഞു. പോലീസ് പിടികൂടിയപ്പോള്‍ ഇയാളുടെ ശരീരത്തിലും പെട്രോളിന്റെ അംശമുണ്ടായിരുന്നു.