ദേശാഭിമാനി മുന്‍ പത്രാധിപര്‍ വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

05.45 AM 01-09-2016
v_v_dakshinmoorthi_760x400
കോഴിക്കോട്: പ്രമുഖ സിപിഎം നേതാവും ദേശാഭിമാനി മുന്‍ പത്രാധിപരുമായ വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ബുധനാഴ്ച വൈകിട്ട് 3.30 ഓടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. 81 വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. മൂന്നുതവണ പേരാമ്പ്രയില്‍ നിന്നുള്ള നിയമസഭാ അംഗമായിരുന്നു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് പാലേരി സ്വദേശിയായ ദക്ഷിണാമര്‍ത്തി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ അരങ്ങേറി അധ്യാപക സംഘടനയിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. ചെത്തുതൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ദേവസ്വം ജീവനക്കാര്‍ തുടങ്ങിയവരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയില്‍വാസമനുഭവിച്ചു. 1968ല്‍ എ.കെ.ജിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നിന്നാരംഭിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
മികച്ച പാര്‍ലമെന്റേറിയന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ദക്ഷിണാമൂര്‍ത്തി സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവുമായിരുന്നു. പത്രാധിപരെന്ന നിലയില്‍ ദേശാഭിമാനി പത്രത്തിന്റെ വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചു. 19 വര്‍ഷത്തോളം ദേശാഭിമാനിയുടെ കോഴിക്കോട് യൂണിറ്റ് മാനേജരായിരുന്നു. ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബഌഷിങ് കമ്പനി മാനേജിങ് ഡയറക്ടറാണ്. മലബാര്‍ ദേവസ്വം എംപ്‌ളോയീസ് യൂണിയന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ്, കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
1934 ല്‍ പനക്കാട്ടാണ് ജനനം. അച്ഛന്‍: പരേതനായ ടി ആര്‍ വാര്യര്‍. അമ്മ: പരേതയായ നാരായണി വാരസ്യാര്‍. ഭാര്യ: റിട്ടയേഡ് അധ്യാപിക ടി എം നളിനി. മക്കള്‍: മിനി (അധ്യാപിക, മാനിപുരം എയുപി സ്‌കൂള്‍), അജയകുമാര്‍ (അധ്യാപകന്‍, വെള്ളിമാടുകുന്ന് ജെഡിടി ഇസ്?ലാം പോളിടെക്‌നിക്), ആര്‍ പ്രസാദ് (ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജര്‍).
മരുമക്കള്‍: എ ശിവശങ്കരന്‍ (ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റര്‍, കോഴിക്കോട് ഹെഡ് പോസ്റ്റോഫീസ്), ശ്രീകല കൊടശേരി (ലാബ് അസിസ്റ്റന്റ്, വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), പ്രിയ പേരാമ്പ്ര (അധ്യാപിക, ജെഡിടി ഇസ്?ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വെള്ളിമാടുകുന്ന്). സഹോദരങ്ങള്‍: ദേവകി വാരസ്യാര്‍, ശാരദ വാരസ്യാര്‍ (ഇരുവരും മരുതോങ്കര), സുഭദ്ര വാരസ്യാര്‍ (ഗുരുവായൂര്‍), പരേതരായ ലീല വാരസ്യാര്‍ (പനക്കാട്), യശോദ വാരസ്യാര്‍ (തളിപ്പറമ്പ്), ശൂലപാണി വാര്യര്‍ (മരുതോങ്കര).