ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകള്‍ മാറ്റണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയ പാത നിര്‍മാണ ഏജന്‍സികള്‍ക്കും മന്ത്രാലയം കൈമാറി. നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിവേഗ പാതകളിലെ സുഗമമായ യാത്രയ്ക്ക് സ്പീഡ് ബ്രേക്കറുകള്‍ തടസമാണെന്നു കണ്ടതിനെത്തുടര്ന്നാണുനടപടി.
2014 ലെ റോഡ് അപകട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. 4,726 ആളുകള്‍ റോഡിലെ ഹംമ്പുമൂലം മരണപ്പെട്ടതായി ഈ റിപ്പോര്‍ട്ട് പറയുന്നു. റോഡിലെ കുഴികളും സ്പീഡ് ബ്രേക്കറും മൂലം 6,672 ആളുകള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ നടപടി. സ്പീഡ് ബ്രേക്കറുകള്‍ അതിവേഗ പാതകളിലെ ഗതാഗതത്തിനു തടസവും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതാണെന്നു മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.