ദൈവത്തെ ജീവന്റെ ഭാഗമാക്കാന്‍ കഴിയുന്ന സങ്കേതമാണു ദേവാലയം മാര്‍ ക്ലീമിസ് ബാവ

Newsimg1_23201895
അതിരമ്പുഴ: ദൈവത്തെ ജീവന്റെ ഭാഗമാക്കാന്‍ കഴിയുന്ന സങ്കേതമാണു ദേവാലയമെന്നും അവിടെനിന്നു ലഭിക്കുന്ന ഊര്‍ജമാണ് നമ്മെ നമ്മില്‍നിന്ന് അപരനിലേക്കുകൂടി വ്യാപിപ്പിച്ചു കൂട്ടായ്മയായി രൂപപ്പെടുത്തുന്നതെന്നും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വലിയപള്ളിയുടെ കൂദാശാ സുവര്‍ണ ജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ദൈവമക്കളാണ്. സ്‌നേഹത്തിന്റെ ധര്‍മമാണ് ക്രൈസ്തവധര്‍മം. അത് എല്ലാവരും പിന്‍പറ്റണമെന്നും മാര്‍ ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു.

ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സഭയുടെ സമഗ്രമായ ആത്മപരിശോധനയും നവീകരണവും ലക്ഷ്യമാക്കിയാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ ആഴത്തിലേക്ക് വിശ്വാസികള്‍ കടന്നുചെല്ലണമെന്ന് സഭ ആഗ്രഹിച്ചു. സഭയുടെ ഈ ചൈതന്യത്തിനനുസൃതം ജീവിക്കാന്‍ ഇടവക ദേവാലയം പ്രചോദനമേകണം: മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

കാരുണ്യവര്‍ഷത്തില്‍ നടന്ന ജൂബിലിയുടെ സ്മാരകമായി ആവിഷ്കരിച്ച 50 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കാരുണ്യ ഭവനപദ്ധതിയിലെ വീടുകളുടെ നിര്‍മാണ അനുമതിപത്രം മന്ത്രി മാത്യു ടി. തോമസ് വിതരണം ചെയ്തു.

ജൂബിലി സ്മാരക ചരിത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും പാരീഷ് ഡയറക്ടറിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പും നിര്‍വഹിച്ചു. പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന വികാരി ഫാ. സിറിയക് കോട്ടയിലിന് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ ഉപഹാരം നല്കി. മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട ഐസക് തറപ്പേല്‍, പി.ടി. പൈലോ പുത്തന്‍പുരയ്ക്കല്‍ എന്നിവരെയും വിവാഹത്തിന്റെ സുവര്‍ണ, രജതജൂബിലികള്‍ ആഘോഷിക്കുന്ന ദമ്പതികളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഇടവകാംഗങ്ങളെയും ആദരിച്ചു.

വികാരി ഫാ. സിറിയക് കോട്ടയില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. മൈക്കിള്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗീസ്, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി അമ്പലക്കുളം എന്നിവര്‍ പ്രസംഗിച്ചു.സമ്മേളനത്തെത്തുടര്‍ന്ന് ഇടവകദിനാഘോഷ പരിപാടികള്‍ നടന്നു. ­