ധവളപത്രത്തിന് വിശ്വാസ്യതയില്ലന്ന് :ഉമ്മന്‍ ചാണ്ടി

08:50am 02/7/2016
download (8)

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് മന്ത്രി തോമസ് ഐസക് പുറത്തിറക്കിയ ധവളപത്രത്തിന് യാഥാര്‍ഥ്യബോധവും അദ്ദേഹത്തിന്റെതന്നെ സമീപനം മൂലം വിശ്വാസ്യതയും ഇല്ലന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിനാവശ്യമായ കണക്കുകള്‍മാത്രം ഉപയോഗിച്ചാണ് ധവളപത്രം തയാറാക്കിയത്. പോരായ്മകള്‍ ഉണ്ടാകാമെങ്കിലും യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം ചെയ്തതെല്ലാം തെറ്റാണെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്‌ളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നികുതി വരുമാനം കുറഞ്ഞെന്ന ആരോപണം ശരിയല്ല. നികുതി, നികുതിയേതര വരുമാനങ്ങള്‍ ചേര്‍ന്നതാണ് ആകെ വരുമാനം. എന്നാല്‍, ധവളപത്രത്തില്‍ നികുതിയേതര വരുമാനം വിട്ടുകളഞ്ഞു. ഇതില്‍ 239 ശതമാനം വര്‍ധന യു.ഡി.എഫ് കാലത്തുണ്ടായി. 571 കോടിയായിരുന്ന ലോട്ടറി വിറ്റുവരവ് 6398 കോടിയായി. നികുതിയിനത്തിലും വര്‍ധനയാണുണ്ടായത്. നികുതിയിനത്തില്‍ പ്രതീക്ഷച്ചതത്രയും കിട്ടിയില്‌ളെന്നാണ് കുറ്റപ്പെടുത്തല്‍. ബജറ്റ് തയാറാക്കുമ്പോള്‍ കൂടുതല്‍ ടാര്‍ജറ്റ് നിശ്ചയിക്കുന്നത് സ്വാഭാവികമാണ്. അങ്ങനെ ലക്ഷ്യമിട്ടത് നേടാനായില്‌ളെന്ന് മാത്രമാണ് പറയുന്നത്. എന്നാല്‍, കഴിഞ്ഞ ഇടതുസര്‍ക്കാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ നികുതി പിരിവില്‍ 92.58 ശതമാനം വര്‍ധന കൈവരിക്കാന്‍ കഴിഞ്ഞു.
തങ്ങള്‍ അധികാരമൊഴിയുമ്പോള്‍ 1009.3 കോടി ഖജനാവില്‍ ഉണ്ട്. കൊടുത്തുതീര്‍ക്കേണ്ട ബാധ്യതകളും ഉണ്ട്. എല്ലാ ബാധ്യതകളും കൊടുത്തുതീര്‍ക്കാന്‍ ഒരു സര്‍ക്കാറിനും കഴിയില്ല. ഇടതുസര്‍ക്കാറിന്റെ ബാധ്യത കൊടുത്തുതീര്‍ത്തത് യു.ഡി.എഫ് ഭരണത്തിലാണ്. അതുപോലെതന്നെയാണ് ഇപ്പോഴും. രണ്ട് ശമ്പള പരിഷ്‌കരണ കമീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കുകയും ചെയ്തു. യു.ഡി.എഫിന്റെ അവസാന നീക്കുബാക്കിയെപ്പറ്റി പറയുമ്പോള്‍ കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ നീക്കുബാക്കിയെപ്പറ്റി മിണ്ടുന്നേയില്ല. പുതുതായി 46321 തസ്തിക സൃഷ്ടിക്കാനും 167096 പേര്‍ക്ക് നിയമന ശിപാര്‍ശ നല്‍കാനും സാധിച്ചു. ഇടതുമുന്നണി അധികാരത്തില്‍ വന്നശേഷംആവശ്യപ്പെട്ടിട്ടും നാലായിരത്തോളം ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. യു.ഡി.എഫ് വരുമ്പോള്‍ ക്ഷേമപെന്‍ഷനായി 592 കോടിയാണ് നല്‍കിയതെങ്കില്‍ തങ്ങള്‍ 3016 കോടി നല്‍കി.
ഇടതുഭരണകാലത്ത് 75 ശതമാനമായിരുന്ന കടബാധ്യത 97 ശതമാനമായതിലും കുറ്റപ്പെടുത്തേണ്ടതില്ല. കടം എടുക്കുന്നതിലല്ല അത് എങ്ങനെ ചെലവഴിച്ചുവെന്നതാണ് പ്രധാനമെന്ന ഐസക്കിന്റെ വാദമാണ് അതിനുള്ള മറുപടി. 30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനഫണ്ട് രൂപവത്കരിക്കുമെന്ന തങ്ങളുടെ അവസാന ബജറ്റ് പ്രഖ്യാപനം പരിഗണിക്കുമെന്നാണ് വിശ്വാസം.
യു.ഡി.എഫിന്റെ ധനമാനേജ്‌മെന്റ് പരാജയമായിരുന്നില്ല. അഞ്ചുവര്‍ഷത്തിനിടെ ആറുതവണ മാത്രമാണ് ഓവര്‍ഡ്രാഫ്റ്റ് എടുത്തത്. നിത്യനിദാന ചെലവിലേക്ക് മുന്‍കൂര്‍ പണം എടുത്തത് 37 ദിവസവും. സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിച്ചതും പുതിയ കോളജുകള്‍ അനുവദിച്ചതും ധൂര്‍ത്താണെന്ന വാദം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ ചെയ്തത് ശരിയെന്ന് എവിടെയും പറയുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.