ധാക്കയിൽ ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ് നടത്തിയ പൊലീസ് ഒമ്പത് ഭീകരരെ വധിച്ചു.

11:34 AM 26/07/2016
images (1)
ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിൽ ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ് നടത്തിയ പൊലീസ് ഒമ്പത് ഭീകരരെ വധിച്ചു. രണ്ടു പേര്‍ പിടിയിലായി. തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ബംഗ്ളാദേശ് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ധാക്കയിലെ കല്യാണ്‍പുരിലെ ജഹാസ് ബില്‍ഡിങ്ങിലായിരുന്നു ഏറ്റുമുട്ടല്‍. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയ പോലീസ് ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നു. മറ്റൊരു തീവ്രവാദിയെ കല്യാൺപുരിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബംഗ്ളാദേശ് പൊലീസ് ചീഫ് ശഹീദുൽ ഹഖ് വ്യക്തമാക്കി.

വധിക്കപ്പെട്ട തീവ്രവാദികൾ ഏത് സംഘടനയിൽ ഉൾപ്പെട്ടവരാണെന്ന് വ്യക്തമല്ലെങ്കിലും നിരോധിത സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ളാദേശിൽ പെട്ടവരാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

അറസ്റ്റിലായത് ബോഗ്ര ജില്ലയിൽ നിന്നുള്ള ഹസൻ ആണെന്ന് ധാക്കയിലെ മോണിങ് സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തു. വെടിയേറ്റ് പരിക്കേറ്റ ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു എന്നും പറയപ്പെടുന്നു.