നഗ്നത പ്രദര്‍ശിപ്പിച്ച കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

01.11 AM 03-09-2016
sreejith-ravi-police-custody
സ്‌കൂള്‍ കുട്ടികളെ നഗ്നത പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചുവയുള്ള ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്ത കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും എല്ലാ വ്യാഴാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളിലാണ് താരത്തിന് ജാമ്യം ലഭിച്ചത്.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമം ചുമത്തിയാണ് പോലീസ് ശ്രീജിത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താനല്ല കാര്‍ ഓടിച്ചിരുന്നതെന്ന ശ്രീജിത്തിന്റെ വാദം സത്യമല്ലെന്ന് പോലീസ് കണ്‌ടെത്തി. മൊബൈല്‍ സിഗ്നല്‍ പരിശോധിച്ച പോലീസ് സംഭവം നടന്നുവെന്ന സമയം സ്ഥലത്തുണ്ടായിരുന്നുവെന്നും കണ്‌ടെത്തിയിട്ടുണ്ട്. കേസില്‍ മൂന്ന് സാക്ഷികളുടെ മൊഴിയും ശ്രീജിത്തിന് എതിരാണ്.
കഴിഞ്ഞ 27-നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്കു കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. സംഭവത്തിന് ശേഷം കാറുമായി സ്ഥലത്തു നിന്നും ശ്രീജിത്ത് കടന്നിരുന്നു. കുട്ടികള്‍ പ്രിന്‍സിപ്പലിനും പിന്നീട് പോലീസിനും പരാതി നല്‍കുകയായിരുന്നു. ഇതിനിടെ പോലീസ് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.