നരേന്ദ്ര മോദി വെള്ളിയാഴ്ച വിയറ്റ്‌നാമിലേക്ക്

09.55 AM 02-09-2016
modi_01019016
വിയറ്റ്‌നാം, ചൈന സന്ദര്‍ശനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരിക്കും. വിയറ്റ്‌നാമിലേത് സാധാരണ ഉഭയകക്ഷി സന്ദര്‍ശനമാണ്. അതേസമയം ഹാംഗ്‌സൂവില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ചൈനയിലേക്ക് പോകുന്നത്. വെള്ളിയാഴ്ച വിയറ്റ്‌നാമിലെത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച ഹാംഗ്‌സൂവിലേയ്ക്ക് തിരിക്കും. നാല്, അഞ്ച് തീയതികളിലാണ് ജി20 ഉച്ചകോടി.
പ്രതിരോധ, വ്യാപാര രംഗങ്ങളില്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളായിരിക്കും വിയ്റ്റ്‌നാമില്‍ മോദി നടത്തുക. 15 വര്‍ഷത്തിന് ശേഷമാണ് ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി വിയറ്റ്‌നാം സന്ദര്‍ശിക്കുന്നത്.
ഭീകരപ്രസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ് അടക്കമുള്ള വിഷയങ്ങള്‍ ജി20 ഉച്ചകോടിയില്‍ ഇന്ത്യ ഉന്നയിക്കും. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി മോദി ചര്‍ച്ച നടത്തും. കൂടാതെ ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.