08:42 am 17/9/2016
ദില്ലി: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിനെതിരായ ഉത്തേജകമരുന്ന് വിവാദം സിബിഐ അന്വേഷിക്കും. നര്സിംഗിന്റെയും ഗുസ്തി ഫെഡറേഷന്റെയും ആവശ്യം പരിഗണിച്ചാണ് നടപടി. ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ്ഭൂഷന് ശരൺ എം പി ആണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) ക്ലീന്‍ ചിറ്റ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റിയോ ഒളിംപിക്സിനെത്തിയ നര്‍സിംഗ് യാദവിനെ ആദ്യ റൗണ്ട് മത്സരത്തിന് മണിക്കൂറുള്‍ മാക്കം ബാക്കിയിരിക്കെ മത്സരിക്കുന്നതില്‍ നിന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി(വാഡ)വിലക്കിയിരുന്നു. റിയോയിൽ നിന്ന് തിരിച്ചെത്തിയ നര്‍സിംഗ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.
തന്റെ ഭക്ഷണത്തില്‍ ജൂനിയര്‍ താരം നിരോധിത മരുന്ന് കലര്‍ത്തിയെന്നും ഇക്കാര്യത്തിലെ ഗൂഢാലോചന അന്വേഷിക്കണം എന്നുമാണ് നര്‍സിംഗിന്റെ വാദം. ജൂണ്‍ 25നാണ് നര്‍സിംഗിന്റെ ഉത്തേജക മരുന്ന് പരിധോധനാഫലം പോസറ്റീവാണെന്ന് നാഡ അറിയിച്ചത്. സംഭവത്തില്‍ നര്‍സിംഗിന്റെ വാദം കേട്ടശേഷം ഓഗസ്റ്റ് ഒന്നിന് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ നാഡ അനുമതി നല്‍കുകയായിരുന്നു.