നര്‍സിങ് യാദവിന്‍റെ ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തിയയാളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്.

01:55pm 27/07/2016
download
ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരീക്ഷണത്തില്‍ പരാജയപ്പെട്ട ഗുസ്തി താരം നര്‍സിങ് യാദവിന്‍റെ ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തിയയാളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. സോനപതിലെ പരിശീലന കേന്ദ്രത്തില്‍ വെച്ചാണ് ഭക്ഷണത്തില്‍ മരുന്ന് കലര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ ഗുസ്തിതാരമായ കൗമാരക്കാരനെതിരെയുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റെസ്റ്റ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ബ്രിജി ഭൂഷണ്‍ സാരണ്‍ സിങ് അറിയിച്ചു.
ജൂനിയര്‍ തലത്തില്‍ 65 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന താരമാണിയാള്‍. അന്തരാഷ്ട്രതലത്തില്‍ ഹെവി വെയിറ്റ് വിഭാഗത്തില്‍ മത്സരിക്കുന്ന ഗുസ്തി താരത്തിന്‍റെ സഹോദരന്‍ കൂടിയാണ് ഇയാളെന്ന് ബ്രിജി ഭൂഷണ്‍ അറിയിച്ചു. ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്ന ഇയാള്‍ പലതവണ സായ് സെന്‍ററില്‍ വന്നതായും റിപ്പോര്‍ട്ടുണ്ട്.

സായ് സെന്‍ററിലെ പാചക വിഭാഗത്തിലെ ജീവനക്കാര്‍ ഇയാളെ തിരച്ചറിഞ്ഞിട്ടുണ്ട്. കെ.ഡി ജന്ദവ് ഹോസ്റ്റലിലെ നര്‍സിങ്ങിന്‍റെ മുറിക്ക് സമീപം ഇയാളെ പല തവണ കണ്ടതായും മുറിയുടെ താക്കോല്‍ ആവശ്യപ്പെട്ടതായും ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ സായ് സെന്‍്ററിലെ സി.സി.ടി.വിയില്‍ 10 ദിവസം മുമ്പുള്ള ദൃശ്യങ്ങള്‍ സൂക്ഷിക്കാത്തതിനാല്‍, ഇയാളുടെ ദൃശ്യങ്ങള്‍ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല.

ബി സാമ്പിള്‍ പരിശോധനയിലും പരാജപ്പെട്ടതിനെ തുടര്‍ന്ന് സര്‍സിങ്ങിന് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. താന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ളെന്നും ഭക്ഷണത്തില്‍ കലര്‍ത്തിയാകുമെന്ന് സംശയിക്കുന്നതായും നര്‍സിങ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പാനിപത്തിലെ റായ് പൊലീസ് സ്റ്റേഷനില്‍ നര്‍സിങ് പരാതി നല്‍കുകയും ചെയ്തിരുന്നു.