നാട്ടങ്കത്തിൽ ഗോവ നേടി

02.15 AM 12/11/2016
gova_ISL_111116
പനാജി: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എഫ്സി ഗോവയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നാട്ടങ്കത്തിൽ നോർത്ത് ഈസ്റ്റിനെ ഗോവ തകർത്തത്. രണ്ടാം പകുതി ഒരാൾ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായി ചുരുങ്ങിയ ഗോവ അവസാന മിനിറ്റിലെ ഗോളിലാണ് ജയം സ്വന്തമാക്കിയത്. ഒരു ഗോളിനു പിന്നിൽനിന്ന ശേഷം തിരിച്ചടിച്ച് ഗോവ നിർണായകമായ മൂന്നു പോയിന്റ് സ്വന്തമാക്കുകയായിരുന്നു. റോബിൻ സിംഗ്, റോമിയോ ഫെർണാണ്ടസ് എന്നിവരാണ് ഗോവയ്ക്കായി ഗോൾ നേടിയത്. സത്യസെൻ സിംഗിന്റെ ബൂട്ടിൽനിന്നായിരുന്നു നോർത്ത് ഈസ്റ്റിന്റെ ഗോൾ.

ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് മൂന്നു ഗോളും പിറന്നത്. നോർത്ത് ഈസ്റ്റാണ് കളിയിലെ ആദ്യ വെടിപൊട്ടിച്ചത്. 50 –ാം മിനിറ്റിൽ കട്സുമി യുസ എടുത്ത കോർണർ കിക്ക് ബോക്സിൽനിന്നും ഹെഡ്ചെയ്ത് റോബിൻ സിംഗ് കിളയർ ചെയ്തു. എന്നാൽ ബോക്സിന്റെ വലതു മൂലയിലേക്കുപോയ പന്ത് സത്യസെൻ സിംഗിന്റെ കാലിലാണ് എത്തിയത്. പന്തുലഭിച്ചതും സത്യസെന്റെ ശക്‌തമായൊരു ലോംഗ് ഷോട്ട്. പന്ത് ഗോവൻ ഗോളി കിട്ടുമണിയേയും കടന്ന് വലയിൽ പതിച്ചു.

ഗോൾ വീണതോടെ ഉണർന്നു കളിച്ച ഗോവ 12 മിനിറ്റിനുള്ളിൽ സമനില പിടിച്ചു. റോബിൻ സിംഗാണ് ഗോൾ നേടിയതെങ്കിലും ക്രെഡിറ്റ് റോമിയോ ഫെർണാണ്ടസിനുള്ളതാണ്. മധ്യ വരയിൽനിന്നും ലഭിച്ച നീളൻ ക്രോസ് റോമിയോ നോർത്ത് ഈസ്റ്റ് പ്രതിരോധക്കാരെ ഓടിത്തോൽപ്പിച്ച് ബോക്സിൽ കടന്ന് റോബിൻസിംഗിന് മറിച്ചു നൽകി. സുന്ദരൻ ബാക് ക്രോസിന് കാൽവയ്ക്കുന്ന പണിമാത്രമേ റോബിൻ സിംഗിന് ഉണ്ടായിരുന്നുള്ളു. 72 മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് സാഹിൽ ടവോര പുറത്തായതോടെ ഗോവ 10 പേരിലേക്ക് ചുരുങ്ങി. എന്നാൽ അവസാന വിസിൽ മുഴങ്ങുന്നതിനുതൊട്ടു മുമ്പ് റോമിയോ വീണ്ടും ഗോവയുടെ രക്ഷകനായി. നോർത്ത് ഈസ്റ്റ് ബോക്സിലേക്ക് ഒറ്റയ്ക്കു ഓടിക്കയറിയ റോമിയോ ഫെർണാണ്ടസ് ഗോളിയും കബിളിപ്പിച്ച് ഗോൾ നേടി.