നായയുടെ ആക്രമണത്തില്‍ 4 വയസ്സുകാരി കൊല്ലപ്പെട്ടു : മാതാവിനു പരുക്ക്

11:05 am 27/10/2016

– പി. പി. ചെറിയാന്‍
unnamed (2)
മിഷിഗന്‍ : വീട്ടിലേക്ക് പുതിയതായി കൊണ്ടുവന്ന ഡൊബര്‍മാന്റെ (നായ) ആക്രമണത്തില്‍ നാലു വയസ്സുകാരി കൊല്ലപ്പെടുകയും മകളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാവിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

ഒക്ടോബര്‍ 23 ന് ഞായറാഴ്ച സെന്റ് ജോസഫ്‌സ് കൗണ്ടിയിലെ വീട്ടിലേക്ക് മുന്‍ ഉടമസ്ഥനാണ് നായയെ കൂട്ടികൊണ്ടുവന്നത്. വളര്‍ത്തു മൃഗങ്ങളെ വളരെയധികം സ്‌നേഹിച്ചിരുന്ന കായാന എന്ന നാലു വയസ്സുകാരിയുടെ അടുക്കല്‍ മണം പിടിച്ചു നിന്നിരുന്ന നായ പെട്ടെന്ന് അക്രമാസക്തമായി ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. നായയുടെ കടിയേറ്റ് അബോധാവസ്ഥയില്‍ നിലത്തു വീണ കുട്ടിയെ ആംബുലന്‍സ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മാതാവിന്റെ തലയിലും കയ്യിലും സാരമായ മുറിവേറ്റു. മുന്‍ ഉടമസ്ഥന്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഇതിനു മുമ്പൊരിക്കലും നായ അക്രമാസക്തമായിട്ടില്ലെന്ന് ഉടമസ്ഥന്‍ പറഞ്ഞു. മൃഗങ്ങളെ ജീവനു തുല്യം സ്‌നേഹിച്ച കായാനയ്ക്കു മൃഗഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹമെന്ന് പിതാവ് ജെറാള്‍ഡ് ജോണ്‍സന്‍ പറഞ്ഞു.

പ്രതിവര്‍ഷം അമേരിക്കയില്‍ 4.5–4.7 മില്യണ്‍ പേര്‍ക്ക് പട്ടിയുടെ കടിയേല്‍ക്കുന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 30 വരെ മരണങ്ങള്‍ സംഭവിക്കുന്നു.

വളര്‍ത്തു പട്ടികള്‍ പൊതുവെ ശാന്തരാണെങ്കിലും ഏതു സമയത്താണ് പ്രകോപിതരാകുക എന്നതു പ്രവചനാതീതമാണ്. കുട്ടികളെ പട്ടികളുടെ കാവലിലാക്കി പുറത്തു പോകുന്ന നിരവധി മാതാപിതാക്കള്‍ ഉണ്ട്. ഇത് അപകടകരമാണ്. 2016 ജനുവരിയില്‍ മാത്രം നാല് കുട്ടികള്‍ നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.