നായര്‍ അസോസിയേഷന്‍ വിഷുദിനാഘോഷവും കിക്ക്ഓഫും ചിക്കാഗോയില്‍ നടന്നു

11:49am 12/5/2016
– സതീശന്‍ നായര്‍
Newsimg1_46654407
ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ വിഷുദിനാഘോഷവും, നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹൂസ്റ്റണില്‍ വച്ച് ഓഗസ്റ്റ് 12 മുതല്‍ 14 വരെ നടക്കുന്ന നായര്‍ സംഗമം 2016-ന്റെ കിക്ക്ഓഫും നൈല്‍സിലുള്ള ഗോള്‍ഫ് മെയിന്‍ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ വച്ചു നടന്നു.

ആനന്ദ് പ്രഭാകറിന്റെ ഈശ്വര പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് എം.എന്‍.സി നായര്‍ അധ്യക്ഷത വഹിച്ചു. അദ്ദേഹം ഏവര്‍ക്കും വിഷുദിനാശംസകള്‍ നല്‍കുകയും കൂടാതെ നായര്‍ സംഗമം 2016-ലേക്ക് ഏവരേയും സ്വാഗതം ചെയ്യുകയും ചെയ്തു. ചടങ്ങില്‍ വിഷു കണിയും, ഏവര്‍ക്കും വിഷുകൈനീട്ടവും നല്‍കി. എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ജി.കെ. പിള്ളയും, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സുരേന്ദ്രന്‍ നായരും മുഖ്യ പ്രഭാഷണം നടത്തി. 2016 നായര്‍ സംഗമത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റുവിധ പരിപാടികളെക്കുറിച്ചും ജി.കെ. പിള്ള വിശദമായി സംസാരിച്ചു. കൂടാതെ ഹൂസ്റ്റണിലേക്ക് എല്ലാവരേയും അദ്ദേഹം സ്വാഗതം ചെയ്തു. എത്രയും വേഗം ഏവരും രജിസ്റ്റര്‍ ചെയ്ത് ഈ നായര്‍ സംഗമം വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് അദ്ദേഹം ഏവരേയും ഓര്‍മ്മിപ്പിച്ചു.

കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ഏവര്‍ക്കും വിഷുദിനാശംസകള്‍ നല്‍കുകയും, കെ.എച്ച്.എന്‍.എയുടെ വിവിധ കര്‍മ്മപരിപാടികളെക്കുറിച്ച് സംസാരിക്കുകയും, അതുപോലെ ശ്രീശങ്കരാചാര്യര്‍, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയവര്‍ സംഭാവന ചെയ്ത സനാതന ധര്‍മ്മ പരിപാലനത്തെക്കുറിച്ച് വിശദമായി സദസിന് മനസിലാക്കി കൊടുക്കുകയും ചെയ്തു.

രാധാകൃഷ്ണന്‍ നായര്‍ വിഷുവിന്റെ മാഹാത്മ്യത്തെക്കുറിച്ച് പ്രതിപാദിക്കുകയും ഏവര്‍ക്കും വിഷുദിനാശംസകള്‍ നല്കുകയും ചെയ്തു. സന്ധ്യാ നായരുടെ നേതൃത്വത്തില്‍ നൃത്തനൃത്യങ്ങളും, കുട്ടികളുടെ ഗാനാലാപനവും നടന്നു. ചടങ്ങില്‍ ചിക്കാഗോ രജിസ്‌ട്രേഷന്റെ ലിസ്റ്റ് പ്രസിഡന്റ് എം.എന്‍.സി നായര്‍, ദേശീയ പ്രസിഡന്റ് ജി.കെ. പിള്ളയ്ക്ക് കൈമാറി. ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും സെക്രട്ടറി സുരേഷ് ബാലചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി.