നായര്‍ ബനവലന്റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

10:46am 4/5/2016

– ജയപ്രകാശ് നായര്‍
Newsimg1_78648447
ന്യൂയോര്‍ക്ക്­: കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷമായി ന്യൂ യോര്‍ക്കിലെയും പ്രാന്തപ്രദേശങ്ങളിലെയും നായര്‍ സമുദായാംഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം 2016 ഏപ്രില്‍ 30 ശനിയാഴ്ച്ച രാവിലെ 11 മണി മുതല്‍ ബെല്‍റോസിലുള്ള എന്‍.ബി.എ. സെന്ററില്‍ വച്ച് കൂടുകയുണ്ടായി. പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രസ്തുത യോഗം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. 2015­16 കാലഘട്ടത്തില്‍ വിട്ടുപിരിഞ്ഞ ബന്ധുമിത്രാദികളുടെയും ഏതാനും ദിവസം മുമ്പ് ഉണ്ടായ കൊല്ലം പറവൂരിലെ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ഹതഭാഗ്യരുടെയും ആത്മശാന്തിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ഉണ്ടായി. പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ഈ കഴിഞ്ഞ വര്‍ഷം തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങളോടും നന്ദി അറിയിക്കുകയും സംഘടനയുടെ പ്രസിഡന്റായി സേവനം അനുഷ്ടിക്കുവാന്‍ അവസരം നല്‍കിയതിനു വളരെയധികം ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും പറയുകയുണ്ടായി.

ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയും ചെയ്തു.
തുടര്‍ന്ന് ജനറല്‍ സെക്രട്ടറി രാം ദാസ്­ കൊച്ചുപറമ്പില്‍ അവതരിപ്പിച്ച സെക്രട്ടറിയുടെ വാര്‍ഷികറിപ്പോര്‍ട്ടും ട്രഷറര്‍ സേതു മാധവന്‍ അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടും പാസാക്കി.
എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ ഓഗസ്റ്റ് 12,13,14 തീയതികളില്‍ ഹ്യൂസ്റ്റണില്‍ വച്ച് നടക്കുന്ന നായര്‍ സംഗമം 2016­നെക്കുറിച്ച് വിശദീകരിക്കുകയും എല്ലാവരെയും സംഗമത്തി ലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍, മുന്‍ പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ള, മുന്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ 2016 ­17 ലെ ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി. ശോഭ കറുവക്കാട്ട് (പ്രസിഡന്റ്) , ഡോ. സ്മിതാ നമ്പ്യാര്‍ (വൈസ് പ്രസിഡന്റ്), പ്രദീപ്­ മേനോന്‍ (ജനറല്‍ സെക്രട്ടറി), വത്സമ്മ തോപ്പില്‍(ജോയിന്റ് സെക്രട്ടറി), രഘുവരന്‍ നായര്‍ (ട്രഷറര്‍) എന്നിവരെയും, എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് കലാ സതീഷ്, അപ്പുക്കുട്ടന്‍ പിള്ള, അപ്പുക്കുട്ടന്‍ നായര്‍, വത്സല നായര്‍, വിജയകുമാര്‍ നായര്‍, സുനില്‍ നായര്‍, തങ്കമണി പിള്ള, മുരളീധരന്‍ നായര്‍, നരേന്ദ്രനാഥന്‍ നായര്‍, പ്രഭാകരന്‍ നായര്‍, രാംദാസ് കൊച്ചുപറമ്പില്‍ എന്നിവരെയും ഓഡിറ്റര്‍മാരായി ഗണേഷ് നായരെയും ഡോ. മധു പിള്ളയെയും തെരഞ്ഞെടുത്തു. ട്രസ്റ്റീ ബോര്‍ഡില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന വിജയ കുമാര്‍ നായര്‍ക്ക്­ പകരം മൂന്നു വര്‍ഷത്തേക്ക് വനജ നായരെ തെരഞ്ഞെടുത്തു. കുന്നപ്പള്ളില്‍ രാജഗോപാല്‍ എക്‌സ് ഓഫിഷിയോ ആയി പ്രവര്‍ത്തിക്കും.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശോഭാ കറുവക്കാട്ട് എല്ലാവര്‍ക്കും നന്ദി പറയുകയും അസോസിയേഷന്റെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ശ്രീമതി ചിത്രജാ ചന്ദ്രമോഹന്‍, പുതിയ ഭാരവാഹികളെ അനുമോദിക്കുകയും അവര്‍ ഏറ്റെടുക്കുന്ന ചുമതല ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കണം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി താന്‍ ഈ അസോസിയേഷനില്‍ പ്രവര്‍ത്തിക്കുന്നുവെന്നും യാതൊരു വിധ ഔദ്യോഗികസ്ഥാനങ്ങളും ആഗ്രഹിച്ചിട്ടില്ല എന്നും പറഞ്ഞത് ഹര്‍ഷാരവത്തോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്.

ഉച്ചഭക്ഷണത്തിനു ശേഷം യോഗം അവസാനിച്ചു.