നായര്‍ സംഗമം 2016 പ്രൗഢഗംഭീരമായി

12:00 pm 26/8/2016

സതീശന്‍ നായര്‍
Newsimg1_88671296
ചിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് ദേശീയ നായര്‍ സമഹാസംഗമം പ്രൗഢഗംഭീരമായി. ഓഗസ്റ്റ് 12 മുതല്‍ 14 വരെ ഹൂസ്റ്റണ്‍ വിദ്യാധിരാജ നഗറില്‍ (ക്രൗണ്‍ പ്ലാസ) വച്ചു നടന്ന നായര്‍ സംഗമം സ്വാമി ഉദിത് ചൈതന്യജി, രാജ്യസഭാംഗവും സിനിമാതാവുമായ സുരേഷ് ഗോപി, സംഘടനയുടെ പ്രസിഡന്റ് ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍, ട്രഷറര്‍ പൊന്നുപിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മോഹന്‍ കുമാര്‍, കോണ്‍സല്‍ ജനറല്‍ അനുപം റേ, സ്ഥാപക പ്രസിഡന്റ് മന്മഥന്‍ നായര്‍, യൂത്ത് ചെയര്‍ രേവതി നായര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കൂടുതല്‍ യുവജനങ്ങളുടേയും കുട്ടികളുടേയും പ്രതിനിധ്യം സംഘടനയില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, അതിനു യുവജനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കുന്നതിനെക്കുറിച്ചും അതിനായി അമേരിക്കയിലുടനീളം കൂടുതല്‍ സ്ഥലങ്ങളില്‍ നായര്‍ കൂട്ടായ്മകള്‍ക്ക് തുടക്കംകുറിച്ചതായും ജനറല്‍ സെക്രട്ടറി സ്വാഗതപ്രസംഗത്തില്‍ പ്രതിപാദിച്ചു.

രാജ്യസഭാംഗം സുരേഷ് ഗോപി നായര്‍ സംഗമം 2016 ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി പ്രതിപാദിച്ചു.

നായര്‍ സംഗമത്തില്‍ പങ്കെടുത്ത് ഒരു വന്‍വിജയമാക്കിത്തീര്‍ക്കാന്‍ സന്മനസുകാണിച്ച ഓരോരുത്തരോടുമുള്ള നന്ദിയും കടപ്പാടും പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു. കൂടാതെ കഴിഞ്ഞ രണ്ടുവര്‍ഷക്കാലം അദ്ദേഹത്തോടൊരുമിച്ച് പ്രവര്‍ത്തിച്ച എല്ലാ ഭാരവാഹികളോടും പ്രവര്‍ത്തകരോടും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.

ഡോ. ചിത്ര ചന്ദ്രശേഖരന്‍, ജയന്‍ മുളങ്ങാട്, ബാലു മേനോന്‍ തുടങ്ങിയവര്‍ മൂന്നുദിവസം നീണ്ടുനിന്ന നായര്‍ സംഗമത്തില്‍ വിവിധ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സുനന്ദ സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ ഡാന്‍സ്, രശ്മി നായരുടെ കഥക്, രജനി മേനോന്‍ അവതരിപ്പിച്ച കഥകളി, ഗീതു സുരേഷിന്റെ ഓട്ടന്‍തുള്ളല്‍, ആര്യനായരും ദിവ്യനായരും ചേര്‍ന്ന് അവതരിപ്പിച്ച ഡിവോഷണല്‍ ഡാന്‍സ്, ഹൂസ്റ്റണ്‍ എന്‍.എസ്.എസിലെ കുട്ടികളുടെ ഡാന്‍സ്, നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ അവതരിപ്പിച്ച നാടകം, ഡാളസ് ടീം അവതരിപ്പിച്ച തിരുവാതിരകളി തുടങ്ങി ഒട്ടനവധി കലാപരിപാടികള്‍ ചടങ്ങിനെ ആനന്ദഭരിതമാക്കി.

ചടങ്ങില്‍ സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ ഫലകവും നല്‍കി. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലെ കരയോഗങ്ങളുടെ പ്രസിഡന്റുമാരായ എം.എന്‍.സി നായര്‍ (ചിക്കാഗോ), രാജേഷ് നായര്‍ (കാലിഫോര്‍ണിയ), വികാസ് (ഡാളസ്), സുരേഷ് നായര്‍ (പെന്‍സില്‍വേനിയ), പൊന്നുപിള്ള (ഹൂസ്റ്റണ്‍) തുടങ്ങിയവര്‍ അവരുടെ കരയോഗങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രത്യേക അനുഭൂതിയുളവാക്കി. ജയന്‍ മുളങ്ങാട് നേതൃത്വം നല്‍കി അവതരിപ്പിച്ച മിസ്റ്റര്‍ & മിസ്സിസ് നായര്‍ പരിപാടിയില്‍ മാധവദാസും, ബീന നായരും മിസ്റ്റര്‍ & മിസ്സിസ് ആയി തെരഞ്ഞെടുക്കപ്പെട്ടു. പത്മതീര്‍ത്ഥം സുവനീറിന്റെ പ്രകാശനം ആദ്യപ്രതി സ്വാമി ഉദിത് ചൈതന്യയ്ക്ക് നല്‍കിക്കൊണ്ട് പ്രസിഡന്റ് ജി.കെ. പിള്ള നിര്‍വഹിച്ചു. ആര്‍ദ്ര ബാലചന്ദ്രന്‍ ചടങ്ങില്‍ എം.സിയായിരുന്നു. ബാലന്‍ നായരുടെ നേതൃത്വത്തില്‍ തയാറാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം ഏവരേയും സംതൃപ്തരാക്കി. ഊര്‍മിളയും മുരളീനായരുമായിരുന്നു മറ്റു ഫുഡ് കമ്മിറ്റി അംഗങ്ങള്‍.

ഏവര്‍ക്കും നല്ല നിലയില്‍ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ഗതാഗത സൗകര്യം വേണു പിള്ളയുടെ നേതൃത്വത്തില്‍ നടന്നു. യുവജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടികളും, ഗുരുവായൂരപ്പന്‍ ക്ഷേത്ര ദര്‍ശനവും യൂത്ത് ചെയര്‍ രേവതി നായരുടെ നേതൃത്വത്തില്‍ നടന്നു. അജിത് നായര്‍, മനോജ് നായര്‍, ആനന്ദ് ഗുരുവായൂര്‍, അപ്പു നായര്‍, മാധവദാസ് നായര്‍, പ്രദീപ് പിള്ള, ഹരി ശിവരാമന്‍, ഹരി നായര്‍ തുടങ്ങിയവര്‍ രജിസ്‌ട്രേഷനു നേതൃത്വം നല്‍കി. ഡോ. രഞ്ജിത് പിള്ള ബിസിനസ് സെമിനാറിനു നേതൃത്വം നല്‍കി.

സമാപന ദിവസം പൊതുയോഗം ചേര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും, യുവജനങ്ങളെ സംഘടനയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച നടത്തുകയും, ഭരണഘടന പരിഷ്കരിച്ച് ഉടന്‍തന്നെ അന്തിമരൂപം നല്‍കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. അടുത്ത 2018-ലെ നായര്‍ സംഗമം ചിക്കാഗോയില്‍ നടത്തുവാനും അതിലേക്ക് പുതിയ പ്രസിഡന്റായി എം.എന്‍.സി നായരേയും, ജനറല്‍ സെക്രട്ടറിയായി അജിത് നായരേയും, ട്രഷററായി മഹേഷ് കൃഷ്ണനേയും പൊതുയോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.