മുംബൈ: മുംബൈ നാവിക ആസ്ഥാനത്ത് തിക്കുംതിരക്കിലും പെട്ട് നിരവധി ഉദ്യോഗാർഥികൾക്ക് പരിക്ക്. നാവികസേനയിലേക്കുള്ള റിക്രൂട്ട്മെന്റിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗാർഥികൾക്കാണ് പരിക്കേറ്റത്. രാവിലെ മുംബൈ മലാഡിലായിരുന്നു സംഭവം.
ആറായിരം ഉദ്യോഗാർഥികളാണ് നാവിക ആസ്ഥാനമായ ഐ.എൻ.എസ് ഹംലയിലെത്തിയത്. എന്നാൽ, നാലായിരം ആളുകളെ അധികൃതർ പ്രതീക്ഷിച്ചിരുന്നുള്ളൂ. പ്രധാന ഗേറ്റിലൂടെ ആസ്ഥാനത്തിനുള്ളിലേക്ക് കടക്കാൻ ഉദ്യോഗാർഥികൾ തിരക്കു കൂട്ടിയതാണ് അപകടത്തിന് വഴിവെച്ചത്.
ആളുകളെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. അതേസമയം, രണ്ടു പേർക്ക് പരിക്കേറ്റതായും ഇവർക്ക് ചികിത്സ ലഭ്യമാക്കിയെന്നും നാവികസേന അറിയിച്ചു. നാവികസേനാംഗങ്ങളും പൊലീസും ഫലപ്രദമായി ഇടപെട്ടതിനാൽ തിരക്ക് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.