നികുതി വെട്ടിപ്പിന് ഒത്താശ:മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു

12.45 AM 01-09-2016
17-km-mani-sad
കൊച്ചി:ബ്രോയ്‌ലര്‍ ചിക്കന്‍ മൊത്തച്ചവടക്കാരുടെ നികുതി വെട്ടിപ്പിന് ഒത്താശ ചെയ്‌തെന്ന കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കേസെടുത്തു. കെ.എം മാണി, ധനമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജയചന്ദ്രന്‍, ആറ് കോഴിക്കച്ചവടക്കാര്‍, ആയുര്‍വേദ സൗന്ദര്യവര്‍ധക വസ്തു നിര്‍മാതാക്കള്‍ എന്നിവരെ പ്രതികളാക്കി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി കെ.എം മാണിയില്‍ നിന്ന് അദ്ദേഹത്തിന്റെ മകളുടെ കൊച്ചിയിലെ വസതിയില്‍ വെച്ച് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച മൊഴിയെടുത്തു. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13(1), 13(2), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 120 എന്നീ വകുപ്പുകളാണ് മാണിക്കും പ്രൈവറ്റ് സെക്രട്ടറിക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
ബ്രോയ്‌ലര്‍ ചിക്കന്‍ മൊത്തവിതരണക്കാരനായ തോംസണ്‍ ഗ്രൂപ്പ് ഉടമ ഇരിങ്ങാലക്കുട കൊമ്പൊടിഞ്ഞാമാക്കല്‍ പി ടി ഡേവിസും ബന്ധുക്കളും നടത്തിയ നികുതി വെട്ടിപ്പ് എഴുതിത്തള്ളിയതിലൂടെ 65 കോടിയും ആയുര്‍വേദ മരുന്നു കമ്പനികള്‍ക്ക് നികുതി കുറച്ചു കൊടുത്തതിലൂടെ 150 കോടി രൂപയും ഖജനാവിന് നഷ്ടം വരുത്തിവെച്ചുവെന്ന് ആരോപിച്ച് അഡ്വ. നോബിള്‍ മാത്യു നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം നടത്തിയ ത്വരിത പരിശോധനയില്‍ മന്ത്രിയും ഉദ്യോഗസ്ഥനും മറ്റ് പ്രതികളും കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും പൊതുഖജനാവിന് 65 കോടി രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന് വ്യക്തമായതായി വിജിലന്‍സ് എറണാകുളം റേഞ്ച് ഡിവൈ എസ് പി ഫിറോസ് എം ഷെഫീഖ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രീധരീയം, കാമിലാരി, ഇന്ദുലേഖ, ധാത്രി തുടങ്ങിയ പ്രമുഖ ആയുര്‍വേദ ഉല്‍പന്ന കമ്പനികള്‍ക്ക് വഴി വിട്ട് നികുതി ഇളവ് ചെയ്ത് കൊടുത്തതിലൂടെ 150 കോടിയുടെ നഷ്ടം ഖജനാവിന് വരുത്തിയെന്നാണ് രണ്ടാമത്തെ ആരോപണം. ആയുര്‍വേദ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ 12.5 ശതമാനമായി 2009ല്‍ വര്‍ധിപ്പിച്ച നികുതി 4 ശതമാനമായി മുന്‍കാല പ്രാബല്യത്തോടെ 2012 ല്‍ ഇളവ് ചെയ്ത് നല്‍കിയത് വാണിജ്യനികുതി വകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായി. വര്‍ധിപ്പിച്ച നികുതി ഇളവ് ചെയ്യണമെന്ന മരുന്നു ഉല്‍പാദകരുടെ ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും ധനകാര്യ സബ്ജക്ട് കമ്മറ്റിയും നിരാകരിച്ചിരുന്നതാണെന്നും കെ എം മാണി പ്രത്യേക താല്‍പര്യമെടുത്താണ് നികുതി ഇളവ് ചെയ്തു കൊടുത്തതെന്നും ഇതിലൂടെ ഖജനാവിന് വന്‍നഷ്ടവും മരുന്നുല്‍പാദകര്‍ക്ക് വന്‍ലാഭവും ഉണ്ടായെന്നും എഫ് ഐ ആറില്‍ പറയുന്നു. ബ്രോയ്‌ലര്‍ ചിക്കന്‍ മൊത്തക്കച്ചവടക്കാരില്‍ നിന്ന് 50 ലക്ഷം രൂപയും ആയുര്‍വേദ കമ്പനി ഉടമകളില്‍ നിന്ന് 15 കോടിയും മാണി കൈക്കൂലിയായി വാങ്ങിയെന്നാണ് പരാതിക്കാരന്‍ ആരോപിച്ചിട്ടുള്ളത്.