– അപ്പച്ചന്‍ കണ്ണന്‍ചിറ
പ്രസ്റ്റണ്‍: സീറോ മലബാര്‍ സഭയുടെ ഏറ്റവും പുതിയ രൂപതയായി പ്രഖ്യാപിക്കപ്പെട്ടതും,വിദേശത്തുള്ള മൂന്നാമത്തേതുമായ പ്രസ്റ്റണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ സെപ്തംബര്‍18 നു യു കെ യിലെ മാഞ്ചസ്റ്ററില്‍ എത്തിച്ചേരും. മാര്‍ ജോസഫ് പിതാവ് ഒടോബര്‍ 9 നു മെത്രാഭിഷേകം സ്വീകരിച്ചു കൊണ്ട്, പ്രസ്റ്റണ്‍ രൂപതയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നതാണ്.
പ്രസ്റ്റണ്‍ സീറോ മലബാര്‍ രൂപതയുടെ ആസ്ഥാനമായ വി.അല്‍ഫോന്‍സാ ദേവാലയത്തെ കത്തീഡ്രല്‍ ദേവാലയമാക്കികൊണ്ടുള്ള പ്രഖ്യാപനവും രൂപതയുടെ ഉദ്ഘാടനവും നടത്തപ്പെടുന്ന ചരിത്ര ധന്യ നിമിഷത്തിലേക്കു പ്രാര്‍ത്ഥനയോടെ ഒരുങ്ങുന്നതിനും,നിലവിലുള്ള സഭാ പ്രവര്‍ത്തനങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനും ആയിട്ടാണ് പിതാവ് മുന്‍കൂട്ടി യു കെ യില്‍ എത്തുന്നത്.തഥവസരത്തില്‍ ഇംഗ്ലണ്ട്,വെയില്‍സ്,സ്കോട്ട്ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ കര്‍ദ്ധിനാള്‍ ,ബിഷപ്പുമാര്‍,സീറോ മലബാര്‍ സഭയുടെ വൈദികര്‍,സഭാ സമൂഹം എന്നിവരെ നേരില്‍ കാണുന്നതിനും ആശയ വിനിമയം നടത്തുന്നതിനും അഭിവന്ദ്യ ശ്രാമ്പിക്കല്‍ പിതാവ് സമയം കണ്ടെത്തും.യു കെ യില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന കണ്‍വെന്‍ഷന്‍ അടക്കം പല പരിപാടികളിലും പങ്കെടുക്കുന്ന നിയുക്ത മെത്രാന്‍ ചില പ്രധാന മീറ്റിങ്ങുകളും നടത്തുന്നുണ്ട്.
മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ പിതാവിനെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറയടി,ആതിഥേയ രൂപതാ ആസ്ഥാനമായ വി.അല്‍ഫോന്‍സാ ദേവാലയത്തിലെ വികാരിയായ ഫാ.മാത്യു ചൂരപൊയികയില്‍ എന്നിവരുടെ നേതൃത്വത്തില്‍ അനവധി വൈദികരും സന്യസ്തരും വിശ്വാസി സമൂഹവും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കും.മാര്‍ ജോസഫ് പിതാവ് പിന്നീട് പ്രസ്റ്റണിലേക്ക് തിരിക്കും.
മെത്രാഭിഷേകം,സ്ഥാനാരോഹണം,രൂപതാ ഉദ്ഘാടനം തുടങ്ങിയ ചടങ്ങുകളില്‍ പ്രസ്റ്റണിലെ നഗര സഭയും ലങ്കാസ്റ്റര്‍ രൂപതയും സീറോ മലബാര്‍ സഭക്ക് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭാവി പരിപാടികളുടെ വിജയങ്ങള്‍ക്കായി തുടര്‍ ദിവസങ്ങളിലും വിവിധ യോഗങ്ങള്‍ വിളിച്ചു കൂട്ടിയിട്ടുണ്ട്.
യു കെ സീറോ മലബാര്‍ സഭയുടെ ചരിത ധന്യ നിമിഷത്തെ പ്രൗഢ ഗംഭീരവും, അഭിമാനോത്സവവുമായചടങ്ങായി മാറ്റുവാനുള്ള ശ്രമങ്ങള്‍ക്ക് ചാപ്ലൈന്മാരുടെ നേതൃത്വത്തില്‍ വിശ്വാസി സമൂഹം ആവേശപൂര്‍വ്വം കൈകോര്‍ത്തുകൊണ്ട് മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളോടെ സജീവമായിക്കഴിഞ്ഞിരിക്കുന്നു.