06:13pm 13/5/2016
മോട്രിയല്‍: സാന്ത് നിരങ്കരി മിഷന്‍ ആത്മീയ നേതാവ് ബാബ ഹര്‍ദേവ് സിംഗ് (62) വാഹനാപകടത്തില്‍ മരിച്ചു. കാനഡയിലെ മോട്രിയലിലുണ്ടായ കാറപകടത്തിലാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടമെന്ന സന്ത് നിരങ്കരി മണ്ഡല്‍ പ്രസ്താവനയിലൂടെ അറിയിച്ചു. മിഷന്റെ നേതൃത്വത്തിലുള്ള ആത്മീയ സമ്മേളനങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലായിരുന്നു ബാബ. ജൂണില്‍ ടൊറോന്റേയില്‍ വച്ച് രണ്ടാമത് നിരങ്കരി രാജ്യാന്തര സംഗം നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.
1980ല്‍ ഗുര്‍ചരണ്‍ സിംഗ് കൊല്ലപ്പെട്ടതോടെയാണ് മകനായ ബാബ ഹര്‍ദേവ് സിംഗ് മിഷന്റെ ചുമതലയേറ്റെടുത്തത്. 1954ല്‍ ഡല്‍ഹിയില്‍ ജനിച്ച ബാബ 1971ലാണ് നിരങ്കരി സേവ ദള്‍യില്‍ പ്രാഥമിക അംഗത്വമെടുത്തത്. 27 രാജ്യങ്ങളിലായി നൂറുകണക്കിന് ശാഖകളുള്ള നിരങ്കരി മിഷന് ലോകമെമ്പാടും കോടിക്കണക്കിന് അനുയായികളുമുണ്ട്. 1929ല്‍ ബാബാ ബൂട്ട സിംഗ് ആണ് സന്ത് നിരങ്കരി മിഷന്‍ സ്ഥാപിച്ചത്. വിഭാഗീയതെ തുടര്‍ന്ന് 1947ല്‍ പിളര്‍ന്ന സംഘടനയുടെ ആസ്ഥാനം പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.
ബാബയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെ.പി നേതാവ് ഷാനവാസ് ഹുസൈന്‍, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുരേഷ് പ്രഭു എന്നിവര്‍ അനുശോചിച്ചു.