10:31am 7/6/2016
പി.പി.ചെറിയാന്‍
മോണ്ട് ഗോമറി: നിരീശ്വരവാദികളുടെ എതിര്‍പ്പിനെ മറികടന്ന് ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷന്‍ സെറിമണിയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലികൊടുത്ത് ജോനാഥാന്‍ മോണ്ട് ഗോമറി സദസ്സിനെ അത്ഭുതപ്പെടുത്തി.
കഴിഞ്ഞ 70 വര്‍ഷമായി നിലനിന്നിരുന്ന കീഴ് വഴക്കങ്ങള്‍ തുടരുന്നതു മതസ്വാതന്ത്ര്യത്തിനു എതിരാണെന്ന് ചൂണ്ടികാട്ടി ഈസ്റ്റ് ലിവര്‍പൂള്‍ ഹൈസ്‌ക്കൂള്‍ അധികൃതര്‍ക്കും വിസ്‌കോണ്‍സിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗ്രാജുവേഷന്‍ സെറിമണിയില്‍ കര്‍ത്താവിന്റെ പ്രാര്‍ത്ഥന നടത്തരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്.
സെറിമണി തുടങ്ങുന്നതിനു മുമ്പ് സ്റ്റേജില്‍ എത്തിയ മിടുമിടുക്കനും, സ്‌ക്കൂള്‍ വാലിഡിക്ടോറിയനുമായ ജോനാഥന്‍ മൈക്കിനു മുമ്പില്‍ നിന്നും സധൈര്യം കൈകള്‍ ഉയര്‍ത്തി കര്‍ത്താവിന്റെ പ്രാര്‍ത്ഥന ചൊല്ലി തുടങ്ങിയപ്പോള്‍ സ്‌റ്റേജിലുണ്ടായിരുന്ന അദ്ധ്യാപകരും, ഓഡിറ്റോറിയത്തിലിരുന്ന വിദ്യാര്‍ത്ഥികളും ജോനാഥാനോടൊപ്പം ചേര്‍ന്നു. ഓഡിറ്റോറിയത്തില്‍ ഇരുന്നിരുന്ന നിരീശ്വരവാദികള്‍ ബഹളം വെച്ചുവെങ്കിലും, ഇതിനെയെല്ലാം അവഗണിച്ചു പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയപ്പോള്‍ ജോനാഥാന്റെ മുഖം പ്രകാശപൂരിതമാകുന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
സ്‌ക്കൂള്‍ അധികൃതരുടെ ഉത്തരവു ലംഘിച്ച ജോനാഥാനെതിരെ നടപടികള്‍ ഉണ്ടാകുമോ എന്നു പറയാന്‍ അധികൃതര്‍ തയ്യാറായില്ല. നിയമനടപടികള്‍ ഒഴിവാക്കുന്നതിനാണ് കര്‍ത്താവിന്റെ പ്രാര്‍ത്ഥനാ ഗീതം സെറിമണിയില്‍ നിന്നും മാറ്റിയതെന്ന് സ്‌ക്കൂള്‍ അധികൃതര്‍ വിശദീകരിച്ചു. ഈ വിവാദത്തിന്റെ പേരില്‍ വീണ്ടും നിയമനടപടികള്‍ക്കൊരുങ്ങിയാല്‍ വക്കീലിനു ഫീസു കൊടുക്കുവാനുള്ള തുക പോലും ഞങ്ങളുടെ കൈവശം ഇല്ല. സ്‌ക്കൂള്‍ ബോര്‍ഡ് പ്രസിഡന്റ് ലാറി വാള്‍ട്ടന്‍ പറഞ്ഞു.