നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചതായ വിവരം ഉന്നതകേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു

08:57 am 23/10/2016
images (7)
കണ്ണൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചതായ വിവരം ഉന്നതകേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍, ജയിലില്‍ നിസാം താമസിക്കുന്ന 10ാം നമ്പര്‍ ബ്ളോക് പരിശോധിച്ചപ്പോള്‍ ഒന്നും കിട്ടിയില്ല. ജയില്‍ ഡി.ഐ.ജി ശിവദാസ് തൈപ്പറമ്പിലിന്‍െറ നേതൃത്വത്തില്‍ ഇന്നലെ രാത്രിയും ഇവിടെ പരിശോധന തുടര്‍ന്നു. അതേസമയം, റിമാന്‍ഡ് കേസില്‍ കോടതികളിലേക്ക് കൊണ്ടുപോകുംവഴി നിസാമിന് മൊബൈല്‍ ഫോണ്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

നിസാമിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക സൗകര്യം കിട്ടിയെന്ന വാര്‍ത്ത ജയില്‍ ഡി.ഐ.ജി നിഷേധിച്ചു. റിമാന്‍ഡ് കാലയളവില്‍ തൃശൂരില്‍ പൊലീസ് കാവലില്‍ ഇയാള്‍ കോടതിയാത്രക്കിടയില്‍ ബന്ധുക്കളോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചത് വിവാദമായിരുന്നു. അതിനുശേഷം, ജയിലില്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ട ചില പ്രതികളില്‍ ഒരാളാണ് നിസാമെന്ന് ജയില്‍ ഡി.ഐ.ജി ‘മാധ്യമ’ത്തോട് പറഞ്ഞു. ജീവപര്യന്തം തടവുകാര്‍ക്കായുള്ള 10ാം നമ്പര്‍ ബ്ളോക്കില്‍ വേറെയും മുപ്പതോളം പേരുണ്ട്. പരസ്യമായി ഇവിടെ ഫോണ്‍ ഉപയോഗിക്കുന്നത് മറ്റ് തടവുകാര്‍ വഴിയെങ്കിലും തങ്ങള്‍ അറിഞ്ഞിരിക്കുമെന്നാണ് ജയിലധികൃതരുടെ വിശദീകരണം. ബംഗളൂരുവില്‍ 21ന് ഒരു കേസില്‍ ഹാജരാക്കാന്‍ 20ന് വൈകീട്ട് അഞ്ച് മണിയോടെയാണ് കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ മൂന്ന് പൊലീസുകാരുടെ അകമ്പടിയോടെ നിസാമിനെ ബസില്‍ കൊണ്ടുപോയത്. യാത്രക്കിടയിലോ കണ്ണൂര്‍ ടൗണില്‍ വെച്ചോ ഇയാള്‍ ഫോണ്‍ വിളിച്ചിരിക്കുമെന്നാണ് ജയിലധികൃതരുടെ വിശദീകരണം.

റിമാന്‍ഡ് കേസില്‍ കോടതിയില്‍ ഹാജരാക്കുന്ന വിവരം അഭിഭാഷകര്‍ മുഖേന ബന്ധുക്കള്‍ അറിയാറുണ്ട്. ഇത്തരം ഘട്ടത്തിലാണ് അവര്‍ പ്രതിയെ പുറത്തുനിന്ന് കാണാന്‍ ശ്രമിക്കാറ്. ജയിലില്‍ ഇയാള്‍ക്ക് പ്രത്യേക ഫോണ്‍ സൗകര്യമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ്, കഴിഞ്ഞദിവസം രാവിലെ ബംഗളൂരുവില്‍ നിന്ന് തിരിച്ചത്തെിയ നിസാമിനെ 10ാം നമ്പര്‍ ബ്ളോക്കില്‍നിന്ന് പ്രത്യേകം മാറ്റിനിര്‍ത്തി പരിശോധിച്ചത്. ഇയാള്‍ ഉറങ്ങുന്ന തറയിലെ വിരിപ്പും മറ്റും ജയിലധികൃതര്‍ പരിശോധിച്ചു. പിന്നീട് 10ാം നമ്പര്‍ ബ്ളോക്കിലെ മുഴുവന്‍ തടവുകാരുടെ ദേഹപരിശോധനയും അവരുടെ പ്രാഥമിക സൗകര്യങ്ങള്‍ക്കുള്ള സംവിധാനങ്ങളും പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടുകിട്ടിയില്ല. വൈകീട്ടോടെ കോഴിക്കോടുനിന്ന് ജയില്‍ ഡി.ഐ.ജിയുടെ നേതൃത്വത്തിലത്തെിയ സംഘം വീണ്ടും സെല്ലുകളും മറ്റും പരിശോധിച്ചു.

നിസാമില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് ജയില്‍ ഡി.ജി.പി അനില്‍ കാന്തിന് ഡി.ഐ.ജി പ്രാഥമിക റിപ്പോര്‍ട്ടും നല്‍കി. ഫോണ്‍ നമ്പറുകളില്‍നിന്ന് പുറത്തേക്കും തിരിച്ചുംവന്ന കോളുകളുടെ ലിസ്റ്റും കവറേജ് ഏരിയയും സൈബര്‍സെല്‍ വഴി ശേഖരിച്ചാലേ കൂടുതല്‍ വ്യക്തത വരുകയുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.