നിസാമിനെതിരെ മിണ്ടിയാൽ വകവരുത്തും: ചെന്നിത്തലക്ക് വധഭീഷണി

01:40 PM 24/10/2016
download (2)
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണി. ചന്ദ്രബേസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിനെ കുറിച്ച് മോശമായി സംസാരിച്ചാല്‍ താങ്കളെയോ അല്ലെങ്കില്‍ കുടുംബാംഗത്തെയോ വധിക്കുമെന്നാണ് മൊബൈലിൽ ലഭിച്ച ഭീഷണി സന്ദേശം. ഇത് സംബന്ധിച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

വിദേശത്ത് നിന്നും രണ്ട് ദിവസമായി ഭീഷണിപ്പെടുത്തിക്കൊണ്ട് ഫോണ്‍ കോളുകളുകള്‍ വരുന്നതായും ഇതിന് പിന്നാലെ ഭീഷണി സന്ദേശം ലഭിച്ചതായും രമേശ് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി 11.22ഓടെയാണ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലേക്ക് അവസാനമായി ഭീഷണി സന്ദേശം വന്നത്. മുഹമ്മദ് നിസാമിനെ കുറിച്ച് മോശമായി സംസാരിക്കരുത്. സംസാരിച്ചാല്‍ നിങ്ങളെയോ നിങ്ങളുടെ കുടുംബത്തിലെ ഒരാളെയോ വധിക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഡോണ്‍ രവി പൂജാരി എന്ന പേരിലാണ് സന്ദേശം അയച്ചിട്ടുള്ളത്. +447440190035 എന്ന നമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചിട്ടുള്ളത്. സന്ദേശത്തിന്റെ പൂര്‍ണരൂപവും ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള പരാതിയില്‍ നൽകിയിട്ടുണ്ട്.