നീന്തല്‍ പരിശീലനത്തിടെ പെരിയാറില്‍ മകനൊപ്പം നീന്തിയ പിതാവ്‌ മുങ്ങി മരിച്ചു

08:32am 24/4/2016
1461440179_l2404k
ആലുവ: നീന്തല്‍ പരിശീലനത്തിന്റെ ഭാഗമായി മകനൊപ്പം പെരിയാറിനു കുറുകെ നീന്തിയ പിതാവു മുങ്ങിമരിച്ചു. ആലുവ ചെമ്പകശേരി ആശാന്‍ ലൈനില്‍ മാവില വീട്ടിന്‍ മാഹിന്‍ (49)ആണു മരിച്ചത്‌. നീന്തുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതാണെന്നു സംശയിക്കുന്നു. വിശദമായ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചെങ്കിലെ മരണകാരണം വ്യക്‌തമാകു.
ഇന്നലെ രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. മാഹിന്റെ മകന്‍ സാഹിന്‍ വളാശേരില്‍ നീന്തല്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന അവധിക്കാല പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഇന്നലെ പെരിയാറിനു കുറുകെ നീന്താന്‍ തീരുമാനിച്ചു. കുട്ടികള്‍ക്കൊപ്പം സംരക്ഷകരായി രക്ഷിതാക്കള്‍ ആരെങ്കിലും നീന്തണ്ടേതുണ്ടായിരുന്നു. ഇതനുസരിച്ച്‌ സാഹിനൊപ്പം മണപ്പുറത്ത്‌ നിന്നും കൊട്ടാരക്കടവിലേക്ക്‌ മാഹിനും നീന്തി. തിരികെ മണപ്പുറത്തേക്കു നീന്തവേ മധ്യഭാഗത്തെത്തിയപ്പോള്‍ മാഹിന്‍ തളര്‍ന്നുപോവുകയായിരുന്നു. മറ്റുകുട്ടികളും രക്ഷിതാക്കളും കൂടെയുണ്ടായിരുന്നെങ്കിലും ആര്‍ക്കും രക്ഷിക്കാനായില്ല. ക്ലബിന്റെ മുഖ്യപരിശീലകന്‍ സജിയുടെ നേതൃത്വത്തില്‍ മാഹിനെ കരയ്‌ക്കെത്തിച്ച ശേഷം ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പോഞ്ഞാശേരിയില്‍ ഹൈക്കൗണ്ട്‌ പൈപ്പ്‌സ്‌ കമ്പനിയിലെ ജീവനക്കാരനാണ്‌. ആലുവ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വൈകിട്ട്‌ തോട്ടുമുഖം പടിഞ്ഞാറെ പള്ളിയില്‍ കബറടക്കി. ഭാര്യ: സജീറ. മക്കള്‍: സാഹന (പ്ലസ്‌ വണ്‍, നിര്‍മല സ്‌കൂള്‍ ആലുവ), സാഹിന്‍ (എട്ടാം ക്ലാസ്‌, വിദ്യാധിരാജ സ്‌കൂള്‍ ആലുവ).
– See more at: http://www.mangalam.com/print-edition/keralam/428467#sthash.txsoUjRE.dpuf